Connect with us

Kannur

കുടുംബശ്രീയുടെ 'സ്‌നേഹിത' എല്ലാ ജില്ലകളിലേക്കും

Published

|

Last Updated

കണ്ണൂര്‍: അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയ കേന്ദ്രമായ കുടുംബശ്രീയുടെ “സ്‌നേഹിത” എല്ലാ ജില്ലകളിലേക്കും. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സിലിംഗ്്, താത്കാലിക അഭയം, നിയമസഹായം എന്നിവ ലഭ്യമാക്കുന്നതിന് മൂന്ന് ജില്ലകളില്‍ തുടങ്ങിയ സ്‌നേഹിത പദ്ധതിയാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.
തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് മുഴുവന്‍ ജില്ലകളിലും ഇത് നടപ്പാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കും ഷോര്‍ട്ട്‌സ്‌റ്റേ ഹോമുമാണ് സ്‌നേഹിതയില്‍ ഉണ്ടാകുക.
പീഡനങ്ങള്‍ അഭിമുഖീകരിക്കുന്നവരോ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരോ ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരോ ആയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായവും നിയമോപദേശവും സ്‌നേഹിതയിലെ ഹെല്‍പ്പ് ഡസ്‌കില്‍ ലഭിക്കും.അവശ്യഘട്ടങ്ങളില്‍ കൗണ്‍സലിംഗിലൂടെയുള്ള പിന്തുണയും ലഭ്യമാക്കും. “സ്‌നേഹിത”യിലെ ജീവനക്കാരെല്ലാം വനിതകളാണ്. അഞ്ച് സര്‍വീസ് പ്രൊവൈഡര്‍മാരും രണ്ട ്‌വീതം കൗണ്‍സലര്‍മാരും സെക്യൂരിറ്റി ജീവനക്കാരുമാണ് സ്‌നേഹിതയിലുണ്ടാവുക. ദൂരസ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്ന സ്ത്രീകള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം, അവിടങ്ങളിലെ സുരക്ഷിത താമസ സ്ഥലം കണ്ടെത്തിക്കൊടുക്കല്‍ എന്നിവയെല്ലാം സ്‌നേഹിതയിലെ സര്‍വീസ് സെന്റര്‍ ചെയ്ത് നല്‍കും.

Latest