Connect with us

Kerala

തീരദേശം വറുതിയില്‍; മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍

Published

|

Last Updated

തിരൂര്‍: മാസങ്ങളായി മത്സ്യമില്ലാതെ ദുരിതം പേറുകയാണ് സംസ്ഥാനത്തെ ചെറുകിട മത്സ്യത്തൊഴിലാളികള്‍. മത്സ്യബന്ധനം ഉപജീവന മാര്‍ഗമായി കാണുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുകയാണ്. മത്സ്യബന്ധനത്തിനായി ഇന്ധനം ചെലവഴിച്ച് ദിവസവും കടലില്‍ പോകുന്നുണ്ടെങ്കിലും നിരാശയോടെയാണ് തൊഴിലാളികളുടെ മടക്കം. മത്സ്യമില്ലാതെയുള്ള മടക്കം പതിവായതോടെ കുടുംബ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
ആദ്യമായിട്ടാണ് തീരദേശം ഇത്രയേറെ വറുതിയനുഭവിക്കുന്നത്. ആറ് മാസത്തിലധികമായി മത്സ്യത്തിന്റെ ലഭ്യത ക്രമേണ കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി പൂര്‍ണമായും മത്സ്യങ്ങള്‍ തീരപ്രദേശങ്ങളില്‍ നിന്നും അന്യമായിരിക്കുകയാണ്. ചെറുതും വലുതുമായ വള്ളങ്ങളെയാണ് ഇത് കൂടുതലായി ബാധിച്ചിട്ടുള്ളത്. കൂടുതല്‍ തൊഴിലാളികള്‍ ആശ്രയിക്കുന്നതും ഇത്തരം വള്ളങ്ങളെയാണ്.
മലബാറിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളായ പൊന്നാനി, ചാലിയം, ബേപ്പൂര്‍, വടകര, കണ്ണൂര്‍ എന്നിവിടങ്ങളിലെ മത്സ്യ വിപണിയെയും മത്സ്യത്തിന്റെ ലഭ്യതക്കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. പ്രശ്‌നം മൂര്‍ച്ഛിക്കുന്നതോടെ അഞ്ച് മുതല്‍ നാല്‍പ്പത് വരെ ആളുകള്‍ പണിയെടുക്കുന്ന നിരവധി വള്ളങ്ങളാണ് വരും ദിവസങ്ങളില്‍ കരക്കടുപ്പിക്കേണ്ടിവരിക. ഇതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കൂടുതല്‍ ഭീതിയിലാണ്ടിരിക്കുകയാണ്.
ഉള്‍ക്കടലിലേക്ക് വിദേശ കപ്പലുകളുടെ കടന്നുകയറ്റവും ഫാക്ടറികള്‍ തള്ളുന്ന വിഷാംശങ്ങളുമാണ് മത്സ്യങ്ങള്‍ ഇല്ലാതാകുന്നതിന്റെയും ഉത്പാദനശേഷി നഷ്ടമാകുന്നതിന്റെയും പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാസങ്ങളായി മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിക്ക് സര്‍ക്കാറില്‍ നിന്നും യാതൊരു ഇടപെടലും ഉണ്ടായില്ല. തീരപ്രദേശങ്ങളിലെ കുടുംബങ്ങളില്‍ 75 ശതമാനം പുരുഷന്മാരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരാണ്. അനേകം കുടുംബങ്ങളെ പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.