Connect with us

Kerala

വനിതാ എം എല്‍ എമാരെ പീഡിപ്പിച്ചെന്ന വിവാദം കൊഴുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ബജറ്റ് ദിനത്തിലുണ്ടായ സംഘര്‍ഷത്തിനിടെ വനിതാ എം എല്‍ എമാരെ പീഡിപ്പിച്ചെന്ന വിവാദം കൊഴുക്കുന്നു. പോലീസിന്റെയും വനിതാകമ്മീഷന്റെയും ഇടപെടലിനായി പ്രതിപക്ഷം നീക്കം തുടങ്ങിയതോടെ ഭരണപക്ഷം പ്രതിരോധവും ശക്തമാക്കി. ആരോപണ വിധേയനായ ശിവദാസന്‍ നായര്‍ എം എല്‍ എ സംഭവിച്ചതെല്ലാം വീഡിയോ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. പ്രതിപക്ഷമാകട്ടെ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ വനിതാകമ്മീഷനെയും സമീപിച്ചു. വനിതാ എം എല്‍ എമാര്‍ നല്‍കിയ പരാതി, പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്പീക്കര്‍ക്ക് കത്തയച്ചു. പരാതി നല്‍കിയ ജമീലപ്രകാശവും ഇതേആവശ്യം ഉന്നയിച്ച് സ്പീക്കറെ സമീപിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ ഉടന്‍ ഗവര്‍ണറെ സമീപിക്കാനാണ് തീരുമാനം.

ജനാധിപത്യ മഹിളാ അസോസിയേഷനാണ് പരാതിയുമായി ദേശീയ വനിതാകമ്മീഷനെ സമീപിച്ചത്. ബജറ്റ് അവതണ ദിനമായ മാര്‍ച്ച് 13ന് എല്‍ ഡി എഫ് എം എല്‍ എമാരായ ജമീല പ്രകാശം, കെ ലതിക, കെ എസ് സുലേഖ , ബിജിമോള്‍, ഗീത ഗോപി എന്നിവരെ യു ഡി എഫ് ആക്രമിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി. എം പിമാരായ പി കെ ശ്രീമതിയും ടി എന്‍ സീമയുമാണ് പരാതി നല്‍കിയത്. ഇതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്നും പരാതി പൊലീസിന് കൈമാറിയിട്ടില്ലെന്നും ഇരുവരും കമ്മീഷനെ അറിയിച്ചു.
യു ഡി എഫ് എം എല്‍ എമാരായ കെ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം എ വാഹിദ്, എ ടി ജോര്‍ജ്, മന്ത്രി ഷിബു ബേബിജോണ്‍ എന്നിവര്‍ക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. ക്രൂരമായി കൈയേറ്റം ചെയ്യുകയും, ലൈംഗിക സ്വഭാവത്തോടെ ശാരീരികമായും, മാനസികമായും പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. ആക്രമണം സംബന്ധിച്ച് സംഭവം നടന്ന ഈ മാസം 13-ന് തന്നെ ജമീലാപ്രകാശം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വി എസ് ചൂണ്ടിക്കാട്ടി.
“വൈശാഖ്” കേസിലും, “ലളിതകുമാരി” കേസിലും സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയമപരമായി പോലീസിന് അന്നു തന്നെ കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കര്‍ ഇതേവരെ പോലീസിന് അയച്ചു കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഇത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടാണ്. അതിനൊപ്പം ഇത് ഗൗരവതരമായ നിയമലംഘനവും, വനിതാ എം എല്‍ എമാര്‍ക്ക് നേരെയുള്ള വിവേചനവും അവകാശലംഘനവുമാണ്. ജമീലാ പ്രകാശം 13-ാം തീയതി തന്നെ അവരെ ലൈംഗിക സ്വഭാവത്തോടുകൂടി പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയും, തന്റെ മുന്നില്‍ വെച്ച് നടന്ന ഈ ഹീനകൃത്യം സ്ത്രീ ചാവേര്‍ ആക്രമണമായി ചിത്രീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്.
ഈ പശ്ചാത്തലത്തില്‍ ഒരു നിമിഷം പോലും വൈകാതെ ജമീലാപ്രകാശത്തിന്റെ പരാതി പോലീസിന് കൈമാറാനും, നിയമനടപടികള്‍ക്ക് വഴിയൊരുക്കാനും സ്പീക്കര്‍ അടിയന്തര നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ തന്നെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ജമീലാ പ്രകാശം പുറത്തു വിട്ട ഫോട്ടോകള്‍ക്ക് മറുപടിയായി ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം സഭയിലുണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങളുമായി കെ ശിവദാസന്‍ നായര്‍ എം എല്‍ എ രംഗത്തെത്തി. ജമീലാ പ്രകാശമടക്കമുള്ള വനിതാ എം എല്‍ എമാരുടെ സഭയിലെ പെരുമാറ്റം അദ്ദേഹം പത്രസമ്മേളനത്തില്‍ വീഡിയോ, നിശ്ചല ചിത്രങ്ങള്‍ കാട്ടി വിശദീകരിച്ചു. ചില നിശ്ചചല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് താന്‍ ജമീലയെ ദുരുദ്ദേശ്യത്തോടെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചത് വാസ്തവ വിരുദ്ധമാണ്. ഒരു സഹോദരന്‍, സുഹൃത്ത് എന്നീ നിലകളിലെ അവരെ കണ്ടിട്ടുള്ളു. മുഖഭാവം കൊണ്ടോ ശരീര ഭാഷ കൊണ്ടോ താന്‍ ജമീലയോട് മോശമായി പെരുമാറിയിട്ടില്ല. എല്ലാവര്‍ക്കും അവനവന്റെ സഹോദരനേയും പിതാവിനേയും സുഹൃത്തുക്കളേയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണമെന്നാണ് തന്റെ പക്ഷമെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മടിയിലേക്ക് കറുത്ത തുണി ഇട്ടുകൊണ്ട് ജമീലപ്രകാശമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. അതിനുശേഷം ഡൊമിനിക് പ്രസന്റേഷനെ തള്ളി പിന്നിലേക്ക് നീക്കി. വാച്ച് ആന്റ് വാര്‍ഡിന്റെ പിന്നില്‍ നിന്നുള്ള തള്ളിലാണ് താന്‍ മുന്നോട്ടുവീണതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest