Connect with us

Kerala

കൂള്‍ബാറുകള്‍ക്ക് നിയന്ത്രണം; ലൈസന്‍സ് ഇല്ലെങ്കില്‍ പിടിവീഴും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ശീതള പാനീയ വില്‍പ്പനക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവ്. വേനല്‍ക്കാലം ആരംഭിച്ചതോടെ വൃത്തിഹീനമായ സാഹചര്യത്തിലും ഗുണനിലവാരമില്ലാത്ത ഐസും വെള്ളവും പഴങ്ങളും കാലാവധി കഴിഞ്ഞ പാലും മറ്റും ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വില്‍പ്പനക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിറക്കിയത്. നിബന്ധനകളില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കി വ്യാപാരം നിരോധിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
കച്ചവട സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഉണ്ടായിരിക്കുകയും അത് സ്ഥാപനത്തില്‍ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും വേണം. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ് ഇവ നിശ്ചിത ഗുണനിലവാരം ഉള്ളതും സുരക്ഷിതവും ആയിരിക്കണം. ജ്യൂസ്, ഫ്രൂട്ട് സാലഡ് തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന പഴങ്ങള്‍, ഐസ്, പഞ്ചസാര, നട്‌സ്, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങി സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളുംസുരക്ഷാ ലൈസന്‍സ് ഉള്ള സ്ഥാപനത്തില്‍ നിന്ന് മാത്രമേ വാങ്ങാവു. അതിന്റെ ബില്ലുകള്‍ സൂക്ഷിക്കണം.
വാങ്ങുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ പാക്കറ്റുകള്‍ നിയമാനുസരണം ലേബല്‍ ഉള്ളതായിരിക്കണം. തീയതി, സാധനം വിറ്റ ആളിന്റെയോ സ്ഥാപനത്തിന്റെയോ പേര്, അളവ്, വില എന്നിവ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുകയും അത് പരിശോധനാ സമയത്ത് ഹജരാക്കുകയും വേണം.
ജ്യൂസ് നിര്‍മിക്കുന്നതിന് ആവശ്യമായ ജലം ശുദ്ധമായിരിക്കണം. ഇത് ആറ് മാസത്തിനുള്ളില്‍ വകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലെറ്റിക്കല്‍ ലാബുകളില്‍ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പാക്കി സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

Latest