പേരുകൊണ്ടുമാത്രം ഇനി അപരനാകില്ല: രൂപസാദൃശ്യവും വേണം

Posted on: March 20, 2015 6:00 am | Last updated: March 20, 2015 at 12:08 am
SHARE

തിരുവനന്തപുരം: പേരിലെ സാദൃശ്യം കൊണ്ട് മാത്രം അപരന്മാരായി ഇനി തിരഞ്ഞെടുപ്പ് രംഗത്തേക്ക് എടുത്ത് ചാടേണ്ട. നോമിനേഷന്‍ നല്‍കി ആരുമറിയാതെ നാടുവിടാമെന്ന മോഹവും വേണ്ട. പേര് ഒന്നായത് കൊണ്ട് മാത്രം വോട്ട് കിട്ടില്ല. വേട്ട് കിട്ടാന്‍ ഒറിജിനല്‍ സ്ഥാനാര്‍ഥിയുടെ രൂപ സാദൃശ്യം കൂടി വേണ്ടി വരും. സ്ഥാനാര്‍ഥികളാകുന്നവരുടെ പേരിനൊപ്പം ഫോട്ടോയും ഇനി മുതല്‍ വോട്ടിംഗ് യന്ത്രത്തില്‍ പ്രദര്‍ശിപ്പിക്കും. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

അരുവിക്കരയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തന്നെ പുതിയ പരിഷ്‌കാരം പ്രാബല്ല്യത്തില്‍ വരും. അപരന്‍മാരെ മെരുക്കാന്‍ ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പരിഷ്‌കാരം. തിരഞ്ഞെടുപ്പ് ഗോദയില്‍ അപരന്‍മാരായി രംഗത്തിറങ്ങുന്നവര്‍ എക്കാലത്തും സ്ഥാനാര്‍ഥികള്‍ക്ക് തലവേദനയാണ്.
അപരന്‍മാരുടെ സാന്നിധ്യം കൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ അടിതെറ്റിയ നിരവധി പ്രമുഖര്‍ കേരളത്തിലുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ പരിഷ്‌കാരം മത്സരിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നുറപ്പ്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമാണ് അപരന്‍മാര്‍ നോമിനേഷനുമായി രംഗത്തുവരിക. എതിര്‍സ്ഥാനാര്‍ഥിയുടെ ആളുകള്‍ തന്നെയാകും ഇത്തരക്കാരെ കെട്ടിയിറക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി തീരുന്ന അവസാന മണിക്കൂറുകളിലാണ് ഇവര്‍ വരണാധികാരികള്‍ക്ക് മുന്നിലെത്തുക. പിന്നെ തിരഞ്ഞെടുപ്പ് കഴിയും വരെ നാട്ടില്‍ കാണുക പോലുമില്ല. എതിരാളികളുടെ ഭീഷണി ഉറപ്പാണെന്നതിനാല്‍ നാടുവിടുന്നവര്‍ പോലുമുണ്ട്. പുതിയ പരിഷ്‌കാരത്തോടെ ആളെ തിരിച്ചറിയാതെ അപരനാകുന്ന പതിവ് മാറും. സ്ഥാനാര്‍ഥി ആരായാലും വോട്ടിംഗ് യന്ത്രത്തില്‍ ഫോട്ടോ വരും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഏതാണ്ട് എല്ലാ മണ്ഡലത്തിലും അപരന്‍മാരുണ്ടായിരുന്നു. കണ്ണൂര്‍ ലോക്‌സഭാ സീറ്റില്‍ പി കെ ശ്രീമതിയോട് കെ സുധാകരന്‍ തോറ്റത് 6566 വോട്ടിനാണ്. സുധാകരന്റെ അപരന്മാരായി അവതരിച്ച കെ സുധാകരന്‍ കൊല്ലാന്‍ 4240 വോട്ടും കെ സുധാകരന്‍ ശ്രീശൈലം 2745 വോട്ടും നേടി. രണ്ടും കൂടി ചേര്‍ത്താല്‍ പി കെ ശ്രീമതിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വരും. 6985 വോട്ട്. തൊട്ടടുത്ത വടകര ലോക്‌സഭാ സീറ്റില്‍ എ എന്‍ ഷംസീര്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് 3485 വോട്ടിനാണ് തോറ്റത്.
ഷംസീറിന്റെ അപരനായി ഇറങ്ങിയ എ പി ഷംസീര്‍ 3485 വോട്ട് നേടി. പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസിന്റെ അപരന്‍ പീലിപ്പോസ് 16,493 വോട്ടാണ് പിടിച്ചത്. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്റെ അപരനായി രംഗത്തുവന്ന വി എസ് പ്രേമചന്ദ്രനും ആര്‍ പ്രേമചന്ദ്രനും കൂടി ചേര്‍ന്ന് 3141 വോട്ടാണ് പിടിച്ചത്.
പൊന്നാനിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്റെ അപരനും കാസര്‍കോട്ട് മത്സരിച്ച ടി സിദ്ദീഖ്, പി കരുണാകരന്‍ എന്നിവരുടെ അപരന്മാരും കാര്യമായ വോട്ട് പിടിച്ചു. മറ്റു മണ്ഡലങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല, ഏതാണ്ട് എല്ലാവരും നാലക്കത്തില്‍ വരുന്ന വോട്ട് പിടിച്ചു.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു പരിഷ്‌കാരത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുതിര്‍ന്നത്. നാമനിര്‍ദേശ പത്രികക്കൊപ്പം കമ്മീഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡം അനുസരിച്ചുള്ള ഫോട്ടോയും നല്‍കണം. പ്രത്യേക യൂണിഫോം, തൊപ്പി തുടങ്ങിയവ ധരിച്ചുള്ള ഫോട്ടോ അനുവദിക്കുകയുമില്ല. ബാലറ്റ് പേപ്പര്‍, പോസ്റ്റല്‍ ബാലറ്റ്, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എന്നിവയില്‍ സ്ഥാനാര്‍ഥികളുടെ പേരിനും ചിഹ്നത്തിനുമിടയില്‍ ഫോട്ടോയും പതിപ്പിക്കും. ചിത്രം നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.