ബീഹാറില്‍ പത്താം ക്ലാസ് പരീക്ഷക്ക് വന്‍ കോപ്പിയടി; 515 വിദ്യാര്‍ഥികള്‍ പിടിയില്‍

Posted on: March 19, 2015 10:55 pm | Last updated: March 20, 2015 at 12:57 am
SHARE

2015_3$largeimg19_Mar_2015_200637840പാറ്റ്‌ന: ബീഹാറില്‍ പത്താം ക്ലാസ് പരീക്ഷയില്‍ വന്‍ കോപ്പിയടി പിടികൂടി. രണ്ട് ദിവസത്തിനിടെ 515 വിദ്യാര്‍ഥികളെ പിടികൂടി പുറത്താക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ മൂന്നും നാലും നിലയിലേക്ക് വലിഞ്ഞുകയറി വിദ്യാര്‍ഥികള്‍ക്ക് കടലാസ് തുണ്ടുകള്‍ എറിഞ്ഞുനല്‍കുന്നത് മറ്റാരുമല്ല; മതാപിതാക്കളും വിദ്യാര്‍ഥികള്‍ നിര്‍ത്തുന്ന സഹായികളും. സ്‌കൂളുകളിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പോലീസുകാരുടെ മൂക്കിന് താഴെയാണ് ഈ വന്‍ കോപ്പിയടി അരങ്ങേറിയത്.
അതേസമയം, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി കെ ഷാഹിയുടെ നിലപാടാണ് വിചിത്രം. നൂറ് ശതമാനം സുതാര്യമായ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറിന് ഒറ്റക്ക് സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പരീക്ഷ ആരംഭിച്ച ചൊവ്വാഴ്ച കോപ്പിയടിയെ തുടര്‍ന്ന് 272 പേരെയും ബുധനാഴ്ച 243 പേരെയും പുറത്താക്കിയതായി സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് സെക്രട്ടറി ശ്രീനിവാസ് തിവാരി അറിയിച്ചു. റോഹ്താസിലും സിവാനിലും കടലാസ് തുണ്ടുകള്‍ എറിഞ്ഞുകൊടുത്ത ഏഴ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ സെല്‍ അറിയിച്ചു. 1217 കേന്ദ്രങ്ങളിലായി 14.26 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ പരീക്ഷകളില്‍ കൃത്രിമം വ്യാപകമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ ഷാഹി പറഞ്ഞു. കൃത്രിമം തീരെയില്ലാത്ത പരീക്ഷ നടത്തുകയെന്നത് സംസ്ഥാന സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല. പരീക്ഷാര്‍ഥികളുടെ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സഹായം കൂടാതെ അത് നേടാനാകില്ല. 14 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. മാതാപിതാക്കളടക്കം നാലോ അഞ്ചോ പേരോടൊപ്പമാണ് ഓരോ വിദ്യാര്‍ഥിയും എത്തുന്നത്. മൊത്തം 70 ലക്ഷത്തിലേറെ പേരെ നിരീക്ഷിക്കുന്നത് പ്രായോഗികമാണോ? ബീഹാറില്‍ മാത്രമല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ഇത്തരം വന്‍ജനപങ്കാളിത്തമുള്ള പരീക്ഷ നടക്കുന്ന എല്ലായിടത്തും പരാതികളും ഉയരാറുണ്ട്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വലിയ ആലോചന നടത്തണം. ഈ തരത്തില്‍ മാര്‍ക് നേടുന്നത്, കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ? ഷാഹി ചോദിച്ചു.