Connect with us

Gulf

വനോദ്യാനം ഉള്‍പെടെ 76 പദ്ധതികള്‍ അബുദാബി പരിഗണിക്കുന്നു

Published

|

Last Updated

അബുദാബി: വനോദ്യാനവും ബോട്ടാണിക്കല്‍ ഗാര്‍ഡനും ഉള്‍പെടെ അബുദാബി അര്‍ബണ്‍ പ്ലാനിംഗ് കൗണ്‍സില്‍(യു പി സി) പരിഗണിക്കുന്നത് 76 പദ്ധതികള്‍. യു പി സിയുടെ അംഗീകാരം ലഭിച്ചവയില്‍ മെഡിക്കല്‍കോളജും ചില്ലറ വിതരണ രംഗത്തെ വികസന പദ്ധതികളും ഉള്‍പെടും. 76 പദ്ധതികള്‍ക്കും 2014ല്‍ തന്നെ യു പി സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അബുദാബി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും.
അബുദാബിയിലെ ആദ്യ മെഡിക്കല്‍കോളജും അനുമതി ലഭിക്കുന്നതോടെ യാഥാര്‍ഥ്യമാവും. 2007 മുതല്‍ 428 പദ്ധതികള്‍ക്കാണ് യു പി സി അംഗീകാരം നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അബുദാബിയില്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെന്ന് യു പി സിയുടെ നഗരവികസനത്തിനും സുസ്ഥിരതക്കുമുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖാദര്‍ വ്യക്തമാക്കി. ഇതിന് അനുബന്ധമായ വികസനം അബുദാബിയില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. പക്വതയുള്ള കമ്പോളവും അബുദാബിക്ക് ആവശ്യമാണ്.
അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ ഹോട്ടലുകളും ആശുപത്രികളും വ്യാപാര-വ്യവസായ ശാലകളുമെല്ലാം രൂപപ്പെടും. നിരവധി താമസ കേന്ദ്രങ്ങളും നിര്‍മിക്കപ്പെടും. എമിറേറ്റില്‍ പുതിയ ഉദ്യാനങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ട്. സമൂഹികമായ കൂടിച്ചേരലുകള്‍ക്കും നഗരവാസികള്‍ക്ക് ആനന്ദത്തിനും വിശ്രമത്തിനും ഇവ ഉപകരിക്കുമെന്നാണ് കരുതുന്നത്. അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ ഇതിനുള്ള ശുപാര്‍ശ അബുദാബി സര്‍ക്കാരിന് സമര്‍പിക്കും.
അല്‍ ഐനിലാണ് വേള്‍ഡ് ഡെസേര്‍ട്ട് ഒയാസിസ് വന്യമൃഗ സംരക്ഷണ ഉദ്യനം യാഥാര്‍ഥ്യമാക്കുക. പ്രകൃതിദത്തമായ ചുറ്റുപാടുകളില്‍ മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കുമെന്നതാണ് ഒരു കോടി ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പദ്ധതിയുടെ മുഖ്യ സവിശേഷത. ആഫ്രിക്കന്‍ സഫാരി അനുഭവം സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കുന്ന തരത്തിലാവും ഇത് രൂപകല്‍പന ചെയ്യുക. ആംഫി തിയ്യറ്ററും പദ്ധതിയുടെ ഭാഗമായിരിക്കും. അബുദാബി നഗരത്തിലെ അല്‍ മരിയാഹ് ഐലന്റ് മികച്ച ഷോപ്പിംഗ് അനുഭവമാവും സന്ദര്‍ശകര്‍ക്ക് നല്‍കുക. ഷോപ്പിംഗിനൊപ്പം മികച്ച ഭക്ഷ്യവിതരണ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തനം തുടങ്ങും. വിനോദത്തിനായുള്ള ഏറ്റവും ആധുനികമായ സൗകര്യങ്ങളും ഒരുക്കും. നിലവിലുള്ള ഗലേറിയ മാളിനോട് ബന്ധിപ്പിച്ചാവും പുതിയ സൗകര്യങ്ങള്‍ ഒരുക്കുക. ഇവിടെ കൂടുതല്‍ ബ്രാന്റുകളുടെ ഔട്‌ലെറ്റുകള്‍ തുറക്കും. അമേരിക്കന്‍ ഡിപാര്‍ട്‌മെന്റ് സ്റ്റോറുകളായ മാസിയും ബ്ലൂമിംഗ്‌ഡെയിലും ഇതില്‍ ഉള്‍പെടും.
യാസ് ഐലന്റില്‍ ബീച്ച് ക്ലബ്ബ് യാഥാര്‍ഥ്യമാക്കും. നിലവിലെ ഹോട്ടലുകളോട് ചേര്‍ന്നാവും ക്ലബ്ബ് നിര്‍മിക്കുക. റെസ്‌റ്റോറന്റുകളും നീന്തല്‍ക്കുളങ്ങളും യാസ് ബീച്ചില്‍ പണിയും.
നീന്താന്‍ എത്തുന്നവര്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമാണിത്. അബുദാബി നഗരത്തിന്റെ പ്രാന്തത്തില്‍ സ്ഥിതിചെയ്യുന്ന അല്‍ റാഹ ബീച്ചിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. അബുദാബി പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഖലീഫ യൂണിവേഴ്‌സിറ്റിയും അല്‍ ഐനിലെ സെക്കന്‍ഡറി ടെക്‌നിക്കല്‍ സ്‌കൂളും ഇതേ പാതയിലാണെന്നും അല്‍ ഖാദര്‍ പറഞ്ഞു.