വേനലവധി ദിനങ്ങള്‍ കുറയും;ശൈത്യകാല അവധികൂടും

Posted on: March 19, 2015 8:00 pm | Last updated: March 19, 2015 at 8:10 pm
SHARE

ഷാര്‍ജ: ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകളിലെ ഇന്ത്യന്‍, പാക്കിസ്ഥാന്‍ വിദ്യാലയങ്ങളില്‍ ഇത്തവണ വേനലവധി ദിനങ്ങള്‍ കുറയും. അതേസമയം ശൈത്യകാല അവധി ദിനങ്ങള്‍ വര്‍ധിക്കും. വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ പുതിയ അധ്യായന വര്‍ഷത്തെ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം ഇന്ത്യന്‍, പാക്കിസ്ഥാന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു 2015 ജൂലൈ രണ്ടിനു വേനലവധി ആരംഭിക്കും. അധ്യാപകര്‍ക്കും, ഓഫീസ് ജീവനക്കാര്‍ക്കും, ഇതര ജീവനക്കാര്‍ക്കും ഒമ്പതിനാണ് അവധി തുടങ്ങുക.

അവധി കഴിഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ ആഗസ്റ്റ് 23ന് (ഞായര്‍) ജോലിയില്‍ തിരികെ പ്രവേശിക്കണം. എന്നാല്‍ അധ്യാപകരും മറ്റുജീവനക്കാരും 26നാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വിദ്യാലയങ്ങള്‍ 30നാണ് തുറക്കുക. കുട്ടികള്‍ക്ക് അന്ന് മുതല്‍ ക്ലാസ് ആരംഭിക്കും.
ശൈത്യകാല അവധി 2015 ഡിസംബര്‍ 20നാണ് തുടങ്ങുക. അധ്യാപകരും ജീവനക്കാരും അടക്കമുള്ള മുഴുവന്‍ സ്റ്റാഫും 2016 ജനുവരി 10ന് (ഞായര്‍) ജോലിക്കു ഹാജരാകണം. വാര്‍ഷികപ്പരീക്ഷ മാര്‍ച്ച് ഒന്നിനു ആരംഭിക്കും. 2016-17 കാലത്തെ പുതിയ അധ്യായനവര്‍ഷം 2016 ഏപ്രില്‍ നാലിന് തുടങ്ങും. 2015-16 അധ്യായന വര്‍ഷത്തിനു ഏപ്രില്‍ ഒന്നിനു തുടക്കം കുറിക്കും.
പുതിയ അധ്യായനവര്‍ഷത്തെ കലണ്ടര്‍ പ്രകാരം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇത്തവണ വേനലവധി ദിനങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് രണ്ടാഴ്ചയിലേറെ കുറയും. കൃത്യമായി കണക്കാക്കുകയാണെങ്കില്‍ 46ല്‍ കുറവായിരിക്കും ലഭിക്കുക. മുന്‍വര്‍ഷങ്ങളില്‍ 60ഉം, 70ഉം ദിവസങ്ങള്‍ അവധി ലഭിച്ചിരുന്നു. അതേ സമയം, ശൈത്യകാല അവധി ദിനങ്ങള്‍ ഇത്തവണ കൂടുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏകദേശം ഒരാഴ്ചയോളം അധികം ഇക്കുറി ലഭിക്കും.
ഔദ്യോഗികമായി അവധി ആരംഭിക്കുന്നത് ഡിസംബര്‍ 20ന് ഞായറാഴ്ച ആണെങ്കിലും അതിനു തൊട്ടുമുമ്പുള്ള ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയുമാണ്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച രാത്രി തന്നെ താല്‍പര്യമുള്ളവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കും. ഔദ്യോഗിക അവധി ദിനങ്ങള്‍ക്കു പുറമെ രണ്ട് ദിവസം കൂടുതല്‍ ലഭിക്കും. ഏകദേശം 24 ദിവസമായിരിക്കും അവധി. അതേ സമയം, വിദ്യാര്‍ഥികള്‍ക്കു വേനലവധി ദിനങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവൊന്നുമുണ്ടാകില്ല. രണ്ടുമാസത്തോളം തന്നെ അവധികിട്ടും.
വേനലവധി ദിനങ്ങള്‍ കുറഞ്ഞതില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിരാശയുണ്ടെങ്കിലും ശൈത്യകാല അവധി വന്‍ധനവ് ആശ്വാസത്തിനിടയാക്കുന്നു. വേനലവധിയുടെ തിയ്യതിയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രവാസികള്‍.