കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ഘടിപ്പിക്കണമെന്ന് പോലീസ്

Posted on: March 19, 2015 7:26 pm | Last updated: March 19, 2015 at 7:26 pm
SHARE

seatദുബൈ: കാറുകളില്‍ കുട്ടികളെ കയറ്റുന്നവര്‍ പ്രത്യേക സീറ്റ് ഘടിപ്പിക്കണമെന്ന് ദുബൈ പോലീസ് അഭ്യര്‍ഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണിത്. സീറ്റ് ഘടിപ്പിക്കാതെ പിന്‍സീറ്റില്‍ കുട്ടികളെ കയറ്റുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷ നല്‍കുന്ന നിയമം ഇതുവരെയും നടപ്പായിട്ടില്ലെന്നതിനാലാണ് അഭ്യര്‍ഥനയുമായി ദുബൈ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. യു എ ഇയില്‍ നിയമം ഇതുവരെയും പ്രാബല്യത്തിലായിട്ടില്ലെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി. നിലവില്‍ സീറ്റ് ഘടിപ്പിക്കല്‍ നിര്‍ബന്ധമല്ലെങ്കിലും സ്ഥാപിച്ചാല്‍ സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.
രാജ്യത്ത് നിയമം നടപ്പാക്കിത്തുടങ്ങിയതായി ഒരു പ്രാദേശിക പത്രത്തില്‍ വാര്‍ത്തവന്നതിന്റെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണത്തോടാണ് അല്‍ മസ്‌റൂഇ മെയില്‍ വഴി പ്രതികരിച്ചത്. അതേ സമയം 10 വയസില്‍ താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ 400 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയന്റും ശിക്ഷയായി ലഭിക്കും. 2008 മുതലുള്ള നിയമമാണിത്. വാഹനത്തില്‍ കയറിയാല്‍ ഉടന്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് ഫെഡറല്‍ ട്രാഫിക് നിയമമാണ്. വാഹനാപകടങ്ങളില്‍ മരണം സംഭവിക്കുന്നത് ഒഴിവാക്കാന്‍ സീറ്റ്് ബെല്‍റ്റുകള്‍ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.