മധ്യപ്രദേശ് ധനമന്ത്രിയെ ട്രെയിനില്‍ കൊള്ളയടിച്ചു

Posted on: March 19, 2015 1:57 pm | Last updated: March 20, 2015 at 12:00 am
SHARE

Jayant Malaiyaഭോപ്പാല്‍: ട്രെയിനില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മധ്യപ്രദേശ് ധനകാര്യ മന്ത്രി ജയന്ത് മല്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു. ജബല്‍പ്പൂര്‍ – നിസാമുദ്ദീന്‍ ട്രെയിനിലെ ഫസ്റ്റ് എ സി കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്.  ഉത്തര്‍പ്രദേശിലെ കോസി കലാന്‍ റെയില്‍വേ സ്‌റ്റേഷന് സമീപം പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.

ആയുധധാരികളായ ആറംഗ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്. മധുര റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ടി ടി ഇ ആണെന്ന വ്യാജേന ധനമന്ത്രി സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ മുട്ടിയ സംഘം, മന്ത്രി വാതില്‍ തുറന്ന ഉടന്‍ തോക്ക് ചൂണ്ടി കൊള്ളയടിക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി, സംഘം രക്ഷപ്പെടുകയും ചെയ്തു.

25000 രൂപയും സ്വര്‍ണമാലയും മോഷണം പോയതായി ജയന്ത് മല്യ പറഞ്ഞു. ഭാരയുടെ താലി മാലയും മോതിരവും ബ്രേസ്‌ലെറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ നിസാമുദ്ദീന്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷഷണം ആരംഭിച്ചു.