Connect with us

Wayanad

കാട്ടാനശല്യത്തില്‍ നിന്ന് മോചനമാകുന്നു; മുത്തങ്ങയില്‍ അത്യാധുനിക ആനപ്പന്തി വരുന്നു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: കാട്ടാന ശല്യത്തില്‍ നിന്ന് മോചനമായി ജനവാസകേന്ദ്രങ്ങളിലിറങ്ങി നിരന്തരം ശല്യം ചെയ്യുന്ന കാട്ടാനകളെ പിടികൂടി മെരുക്കി എടുക്കാനായി മുത്തങ്ങയില്‍ അത്യാധുനീക ആനപ്പന്തി വരുന്നു. ഒരേ സമയം 75ഓളം കാട്ടാനകളെ മെരുക്കാന്‍ സൗകര്യമുള്ള വിശാലമായ കൂറ്റന്‍ പന്തിയാണ് നിര്‍മ്മിക്കുന്നത്. വലിയ മരത്തടി അഴികളാക്കി ഉണ്ടാകുന്ന പന്തി നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ നല്‍കി കഴിഞ്ഞു.
ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ആന പന്തിയുണ്ടായിരുന്ന സ്ഥലമാണ് മുത്തങ്ങ. കാട്ടാന പിടുത്തം ഔദ്യോഗികമായി നിര്‍ത്തിയതോടെ ഈ ആനപ്പന്തികള്‍ ജീര്‍ണ്ണിച്ച് നശിച്ചു. മുമ്പ് കാലത്ത് നൂറ് കണക്കിന് കാട്ടാനളെ വിവിധ ഘട്ടങ്ങളിലായി മുത്തങ്ങ പന്തികളിലിട്ട് മെരുക്കിയിരുന്നു. ആനപിടുത്തം ഉണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. മുത്തങ്ങയില്‍ നിലവില്‍ സൂര്യ, കുഞ്ചു എന്നീ പേരുള്ള രണ്ട് താപ്പാനകളുണ്ട്. ഇവക്ക് പുറമെ കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള എന്നിവിടങ്ങളില്‍ നിന്നായി ഏഴ് താപ്പാനകളെ വാങ്ങിയിട്ടുണ്ട്. ഇതില്‍ ആറ് ആനകള്‍ രണ്ടാഴ്ചക്കുള്ളില്‍ മുത്തങ്ങയിലെത്തും. പന്തി നിര്‍മ്മാണത്തിനും ഇവയെ ഉപയോഗിക്കും. പിടികൂടുന്ന കാട്ടാനകളെ മുത്തങ്ങ ആന പന്തിയിലെത്തിക്കാനുള്ള വലിയ ലോറി എത്തി പ്രത്യേക ബോഡി നിര്‍മ്മിക്കുകയാണ്. മുത്തങ്ങ ഫോറസ്റ്റ് ഓഫീസിന്നരികിലൂടെയുള്ള കാനന സവാരി റോഡില്‍ ഒരു കിലോമീറ്റര്‍ മാറിയാണ് പന്തി പണിയുന്നത്. ഇതിനുള്ള പ്രത്യേക സ്ഥലം മാര്‍ക്ക് ചെയ്തു. ആനപന്തി നിര്‍മ്മിക്കാനുള്ള പ്രത്യേക മരം തിരുവനന്തപുരത്ത് നിന്ന് തീവണ്ടി മാര്‍ഗ്ഗം ബംഗലൂരുവിലെത്തിച്ച് ലോറി മാര്‍ഗ്ഗം മുത്തങ്ങയിലെത്തിക്കും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്ന് ശല്യക്കാരായ കാട്ടാനകളെ പിടികൂടിയാലും മുത്തങ്ങയിലേക്ക് കൊണ്ടുവരും. കാട്ടാന ശല്യത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള പുതിയ സംവിധാനം കൂടിയാണിത്. കര്‍ണ്ണാടകയില്‍ ഈ പദ്ധതി തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. നൂറ്റി അമ്പതോളം കാട്ടാനകളെയാണ് അവിടെ മെരുക്കി കൊണ്ടിരിക്കുന്നത്. മെരുക്കിയ ശേഷം കാട്ടില്‍ വിട്ടാല്‍ കുഴപ്പമില്ലെന്ന് ഉറപ്പിക്കാവുന്ന കാട്ടാനകളെ വീണ്ടും കാട്ടിലേക്ക് വിടും. അല്ലാത്തപക്ഷം താപ്പാനകളായി ഉപയോഗിക്കും.
മുത്തങ്ങ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രമാണ്. കാട്ടാനകളെ മെരുക്കുന്ന പന്തി കൂടി വരുന്നതോടെ വയനാടിന്റെ വിനോദ സഞ്ചാര മേഖലക്ക് വന്‍ കുതിപ്പാകും. ആനപ്പന്തിയുടെ ചുമതല എലഫെന്റ് സ്‌ക്വാഡ് എന്ന പ്രത്യേക വനംവകുപ്പ് സ്‌ക്വാഡിന്നാണ്. സ്‌ക്വാഡിന് പ്രത്യേകം റൈഞ്ചറും ജീവനക്കാരുമുണ്ട്. പന്തിയിലേക്ക് 50ഓളം പാപ്പാന്മാരെയും നിയോഗിക്കും.