Connect with us

Wayanad

ഭൂവനേശ്വരന്റെ മരണത്തില്‍ ദുരൂഹത; സാമ്പിള്‍ വിദഗ്ധ പരിശോധനക്കയച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ നെല്ലിമട്ടത്തില്‍ കൊല്ലപ്പെട്ട മേല്‍ റാക്കോട് സ്വദേശി ഭുവനേശ്വരന്‍ (43)യുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മേല്‍ റാക്കോട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഗൂഡല്ലൂരില്‍ പോയി തിരിച്ച് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ നെല്ലാക്കോട്ടയിലിറങ്ങി തേയിലതോട്ടത്തിലൂടെയുള്ള എളുപ്പ വഴിയിലൂടെ മേല്‍ റാക്കോടിലേക്ക് നടന്നുപോകുന്നതിനിടെ നെല്ലിമട്ടം തേയില ഫാക്ടറിക്ക് സമീപത്ത് വെച്ചാണ് ഇയാള്‍ മരിച്ചത്. ഇയാളുടെ ശബ്ദംകേട്ട് ഫാക്ടറി പാറാവുകാരന്‍ സമീപവാസികളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ചെന്ന് നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഇയാളുടെ വലതുഭാഗത്ത് ചെവിയുടെ ഭാഗത്തായി ആഴത്തിലുള്ള മുറിവ് കാണപ്പെട്ടു. മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പറയപ്പെടുന്നത്. വന്യജീവിയുടെ ആക്രമണത്തിലാണോ ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ വ്യക്തമാകൂ. പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ സാമ്പിളുകള്‍ ചെന്നൈയിലേക്ക് വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനകം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യജീവി ഇയാളെ ആക്രമിക്കുന്നത് ആരും കണ്ടിട്ടില്ല. അത്‌കൊണ്ട് തന്നെ കടുവയുടെ ആക്രമണത്തിലാണോ ഇയാള്‍ കൊല്ലപ്പെട്ടതെന്നതില്‍ സംശയമുണ്ട്. കൂടാതെ കടുവ ആക്രമിച്ചതായുള്ള ഒരു അടയാളവും കണ്ടെത്താനായിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. മരണവാര്‍ത്ത അറിഞ്ഞ് രാത്രി തന്നെ നിരവധി പേര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡി ആര്‍ ഒ ഭാസ്‌കരപാണ്ഡ്യന്‍, ഉന്നത പോലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം രാത്രി പതിനൊന്ന് മണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് നീലഗിരി ജില്ലാ കലക്ടര്‍ പി ശങ്കര്‍, തമിഴ്‌നാട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആനന്ദ് നായിക്, അഢീഷനല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രഭാകരന്‍, നീലഗിരി എസ് പി ശെന്തില്‍കുമാര്‍, ഡി ആര്‍ ഒ ഭാസ്‌കരപാണ്ഡ്യന്‍, ഗൂഡല്ലൂര്‍ ഡി എഫ് ഒ തേജസ് വി, ഡി എഫ് ഒമാരായ സൗന്ധര്‍പാണ്ഡ്യന്‍, ഭദ്രസ്വാമി, എ ഡി എസ് പി കാര്‍ത്തികേയന്‍, ദേവാല ഡി വൈ എസ് പി പി എം സുബ്രഹ്മണ്യന്‍, ബിദര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചര്‍ സോമസുന്ദരന്‍ എന്നിവര്‍ സ്ഥലത്തെത്തി.
ഭുവനേശ്വരന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കി. അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നെല്ലാക്കോട്ടയിലും, റാക്കോടിലും പോലീസ് കനത്ത സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് നെല്ലാക്കോട്ട ടൗണില്‍ ജനങ്ങള്‍ മൗനജാഥ നടത്തി. വന്യജീവി ആക്രമണത്തിലാണോ കൊല്ലപ്പെട്ടതെന്നതില്‍ സംശയമുണ്ടെങ്കിലും വനംവകുപ്പ് ഈ മേഖലയില്‍ കൂട് വെക്കാനും, ക്യാമറ സ്ഥാപിക്കാനുമുള്ള ഒരുക്കത്തിലാണുള്ളത്. ഗൂഡല്ലൂര്‍ എം എല്‍ എ ദ്രാവിഡമണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പാണ്ഡ്യരാജ്, ലിയാക്കത്തലി, രാജേന്ദ്രന്‍, കെ പി മുഹമ്മദ് ഹാജി, സൈദ് മുഹമ്മദ്, സഹദേവന്‍, ചെറുമുള്ളി ചന്ദ്രന്‍, സുല്‍ഫിക്കറലി തുടങ്ങിയവര്‍ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. റാക്കോട് പേരല്‍ ഡിവിഷന്‍, റൂബി ഡിവിഷന്‍, എമറാള്‍ഡ് ഡിവിഷന്‍ എസ്റ്റേറ്റിലെയും വുഡ് ബ്രയര്‍, സസക്‌സ് എസ്റ്റേറ്റുകളിലെയും തൊഴിലാളികള്‍ ഇന്നലെ പണിമുടക്കിയിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. ഭുവനേശ്വരന് മോണിക, സുകന്യ എന്നി രണ്ട് പെണ്‍മക്കളുണ്ട്. ഇവര്‍ മേല്‍ റാക്കോട് ഗവ. സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.

Latest