Connect with us

Wayanad

എല്ലമല, പെരിയശോല ഭാഗത്തെ 450 റേഷന്‍ കാര്‍ഡുകള്‍ക്ക് താത്കാലികമായി റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ എല്ലമല, പെരിയശോല ഭാഗത്തെ 450 റേഷന്‍ കാര്‍ഡുകള്‍ക്ക് ഇന്നലെ മുതല്‍ താത് ക്കാലികമായി സിവില്‍ സ പ്ലൈസ് വകുപ്പ് അധികൃതര്‍ റേഷന്‍ വിതരണം നിര്‍ത്തിവെച്ചു. റേഷന്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് ആരോപിച്ചാണ് റേഷന്‍ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്. തോട്ടംമേഖലയായ എല്ലമലയിലെയും, പെരിയശോലയിലെയും ജനങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. തൊഴില്‍രഹിതമേഖലയാണിത്. നിലവിലുണ്ടായിരുന്ന സ്വകാര്യ എസ്റ്റേറ്റ് പോലും അടച്ചുപൂട്ടിയിരിക്കുകയാണിവിടെ. എങ്ങിനെ ജീവിക്കുമെന്ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് റേഷന്‍ സാധനങ്ങളുടെ വിതരണവും നിര്‍ത്തലാക്കിയിരിക്കുന്നത്. ഈ മേഖലകളില്‍ ഗൂഡല്ലൂര്‍ സിവില്‍ സപ്ലൈസ് വകുപ്പ് വീടുകള്‍ കയറി റേഷന്‍ കാര്‍ഡ് പരിശോധന നടത്തിയിരുന്നു. പത്ത് പേരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഒരു വീട് നമ്പറില്‍ ഒന്നില്‍കൂടുതല്‍ കാര്‍ഡുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പലവീടുകളിലും ഒന്നില്‍കൂടുതല്‍ കുടുംബങ്ങളാണ് താമസിക്കുന്നത്. ഓവാലി പഞ്ചായത്തില്‍ പുതുതായി വീട് വെക്കാനോ മറ്റോ സാധിക്കാത്തതിനാലും, വീട്ട് നമ്പര്‍ ലഭിക്കാത്തതിനാലും കൂട്ടുകുടുംബമായാണ് ഇപ്പോഴും കഴിയുന്നത്. മുന്നറിയിപ്പില്ലാതെ പരിശോധനക്ക് എത്തിയപ്പോള്‍ വീടുകളില്‍ ആളില്ലായിരുന്നു. ഇത്തരം കാര്‍ഡുടമകള്‍ വീട്ട് നമ്പര്‍ അടിസ്ഥാനത്തിലുള്ള രേഖകള്‍ ഹാജരാക്കിയാല്‍ അവ പരിഗണിക്കും.
അല്ലാത്തവ വ്യാജ കാര്‍ഡുകളായാണ് പരിഗണിക്കുന്നത്. ഇത്തരം കാര്‍ഡുകളിലെ റേഷന്‍ അരി കേരളത്തിലേക്ക് കടത്തുന്നതായാണ് പരാതി ഉയര്‍ന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ സ്ഥിരതാമസക്കാരായ നിരവധി പേരുടെ കാര്‍ഡുകളുടെ റേഷന്‍ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. റേഷന്‍ സാധനങ്ങള്‍ റദ്ദാക്കിയതായി റേഷന്‍ കടയില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. അതേസമയം റേഷന്‍കാര്‍ഡ് പരിശോധന വെറും പ്രഹസനമായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. അര്‍ഹതപ്പെട്ടവരുടെ റേഷന്‍ കാര്‍ഡുകളാണ് അധികൃതര്‍ റദ്ദാക്കിയിരിക്കുന്നത്.
എല്ലാ വീടുകളിലും സംഘം പരിശോധനക്ക് എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. റേഷന്‍ സാധനങ്ങളുടെ വിതരണം പുനസ്ഥാപിച്ചിട്ടില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് എല്ലമല മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹനീഫ അറിയിച്ചു.