Connect with us

Palakkad

ആള്‍മാറാട്ടം; വായ്പയെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

Published

|

Last Updated

പാലക്കാട്: ആള്‍മാറാട്ടം നടത്തി സംസ്ഥാന ഹൗസിംഗ് ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പു നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
തൃശൂര്‍ വെങ്കിടങ്ങ് ഏനാമാക്കല്‍ മുപ്പട്ടിത്തറയിലെ മതിലകത്ത് വീട്ടില്‍ കെ.ഐ. അസീസി(39)നെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടും മൂന്നും പ്രതികളായ സുലൈമാന്‍ അസീസും റസിയ ബീവിയും ജാമ്യത്തിലാണ്.
1996 ലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. രണ്ടാംപ്രതിയുടെ ഉടമസ്ഥതയില്‍ എടത്തറയിലുള്ള 16 സെന്റ് സ്ഥലത്തിന്റെ തീരാധാരവും അടിയാധാരവും മതിയായ രേഖകളും ഹാജരാക്കി കെ ഐ അസീസ് ഹൗസിംഗ് ബോര്‍ഡില്‍ നിന്നും 3,00,000 ലക്ഷം രൂപ വായ്പയെടുത്ത് വീട് പണിതു.
കെ എസ് അസീസായി ആള്‍മാറാട്ടം നടത്തിയാണ് കെ ഐ അസീസ് വ്യാജമായി പണയാധാരം രജിസ്റ്റര്‍ ചെയ്തു നല്‍കി വായ്പയെടുത്തത്. പിന്നീട് തുക തിരിച്ചടയ്ക്കാതെ പലിശയടക്കം 20,98,471 രൂപയായി. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കെ ഐ അസീസ് ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു.
വായ്പാ കുടിശ്ശിക പിരിക്കാനായി ബോര്‍ഡ് 2002 ല്‍ നടപടി ആരംഭിച്ചപ്പോള്‍ അതിനെതിരെ പ്രതിയുടെ സഹോദരീ ഭര്‍ത്താവായ കെ.എസ്. അസീസ് താന്‍ വായ്പയെടുത്തിട്ടില്ലെന്നു കാണിച്ച് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. തുടര്‍ന്ന് ഹൗസിംഗ് ബോര്‍ഡ് 2012 ല്‍ കോടതിയില്‍ പരാതി നല്‍കിയതുപ്രകാരം പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
മറ്റുനടപടികള്‍ സ്വീകരിക്കാതെ പ്രതികളെ അറസ്റ്റ് ചെയ്യാതെ 2012 നവംബര്‍ 30 ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആയത് സി ജെ എം കോടതിയില്‍ വിചാരണയിലിരുന്നതുമാണ്.
എന്നാല്‍ അന്വേഷണം തൃപ്തികരമായി നടത്താതെ കുറ്റപത്രം സമര്‍പ്പിച്ചതാണെന്നു പറഞ്ഞ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സുഗുണാ നായര്‍ ഡി ജി പിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡി വൈ എസ് പി എ എസ് രാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് കെ ഐ അസീസിനെ തൃശൂരിലെ ഭാര്യ വീട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ ജയകുമാര്‍, എസ് ഐ രാധാകൃഷ്ണന്‍, എസ് സി പി ഒ അശോകന്‍, സി പി ഒ ഗോവിന്ദനുണ്ണി, ഡ്രൈവര്‍ എസ് സി പി ഒ സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.