Connect with us

Palakkad

അട്ടപ്പാടിയില്‍ റോഡ് കൈയേറി കച്ചവടം: നടപടിക്ക് തുടക്കമായി

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ വിവിധ ഇടങ്ങളില്‍ റോഡ് കയ്യേറി വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നുണ്ടായ പരാതിയില്‍ മിന്നല്‍ പരിശോധന.
അട്ടപ്പാടിയിലെ അഗളി, ഗൂളിക്കടവ് എന്നിവിടങ്ങളിലെ പലചരക്ക്-സ്റ്റേഷനറി കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ കേന്ദ്രീകരിച്ച് ജില്ലാ മോണിറ്ററിങ്ങ് സെല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 28 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ശുപാര്‍ശ തയ്യാറാക്കും. ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവു പ്രകാരം വിവിധ ജില്ലാതല വകുപ്പു മേധാവികള്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
റോഡ് കയ്യേറി വ്യാപാരസ്ഥാപനങ്ങള്‍ നടത്തുക, വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവു പ്രകാരം വിവിധ ജില്ലാതല വകുപ്പു മേധാവികള്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ആറ് ഹോട്ടലുകള്‍, നാല് ബേക്കറികള്‍, 13 പലചരക്കുകടകള്‍, രണ്ടു പച്ചക്കറിക്കടകള്‍, മൂന്നു ഹാര്‍ഡ് വയര്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയും പഞ്ചായത്തു ഭക്ഷ്യ സുരക്ഷാ ലൈസന്‍സുകള്‍ ഇല്ലാതെയും കച്ചവടം നടത്തുന്നതായി കണ്ടെത്തിയത്.
പരിശോധനയില്‍ പാക്കിങ്ങ് സ്ലിപ്പ് ഇല്ലാതെ വില്‍പന നടത്തിയ 25 കിലോയുടെ മൂന്നു ചാക്ക് അരിയും പിടിച്ചെടുത്തു. രജിസ്‌ട്രേഷനില്ലാതെ ഭക്ഷ്യ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചതിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഗളി, ഗൂളിക്കടവ് പ്രധാന റോഡുകളുടെ ഇരുവശത്തും പൊതുസ്ഥലം കയ്യേറി കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നതും പരിശോധനാ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പരിശോധന റിപ്പോര്‍ട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കുളള ശുപാര്‍ശ സഹിതം ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Latest