വിദേശ നിക്ഷേപത്തില്‍ 244 കോടിയുടെ വര്‍ധന

Posted on: March 19, 2015 10:18 am | Last updated: March 19, 2015 at 10:18 am
SHARE

മലപ്പുറം: 2014-15 മൂന്നാം പാദം (ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ) വരെയുള്ള വായ്പാ പദ്ധതി നടത്തിപ്പില്‍ 88 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാതല ബേങ്കിംഗ് അവലോകന സമിതി റിപ്പോര്‍ട്ട്. കാര്‍ഷിക- അനുബന്ധ മേഖലയില്‍ 99.08 ശതമാനവും ചെറുകിട- ഇടത്തരം വ്യവസായ മേഖലയില്‍ 31.07 ശതമാനവും വിദ്യാഭ്യാസ- ഭവന വായ്പാ മേഖലയില്‍ 381.61 ശതമാനവും മൊത്തം മുന്‍ഗണനാ മേഖലയില്‍ 85.59 ശതമാനവും ലക്ഷ്യം കൈവരിച്ചു.
ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ജില്ലയിലെ ബേങ്കുകള്‍ കാര്‍ഷിക മേഖലയില്‍ 1323.27 കോടിയും ചെറുകിട വ്യവസായ- സേവന മേഖലയില്‍ 213.88 കോടിയും ഭവന- വിദ്യാഭ്യാസ മേഖലയില്‍ 363.94 കോടിയും വായ്പ അനുവദിച്ചു.
മുന്‍ഗണനാ വിഭാഗത്തില്‍ മൊത്തം 1901.1 കോടിയും മറ്റ് വിഭാഗത്തില്‍ മൊത്തം 845.69 കോടിയുമാണ് വായ്പ അനുവദിച്ചത്. സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബേങ്കുകളിലെ വിദേശ നിക്ഷേപത്തില്‍ 4.6% വര്‍ധനവ് കൈവരിച്ചു. 244 കോടിയുടെ വര്‍ധനവാണ് ഈ കാലയളവിലുണ്ടായത്. ആകെ നിക്ഷേപത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവ് (678 കോടി) രേഖപ്പെടുത്തിയിട്ടുണ്ട്. ബേങ്കുകളുടെ മൊത്തം വായ്പ 14750 കോടിയും മൊത്തം നിക്ഷേപം 21587 കോടിയും വായ്പാ- നിക്ഷേപ അനുപാതം 68 ശതമാനവുമാണ്. മൊത്തം വായ്പയുടെ 72 ശതമാനം മുന്‍ഗണനാ മേഖലയിലും 34 ശതമാനം കാര്‍ഷിക മേഖലയിലും 9.9 ശതമാനം ചെറുകിട- ഇടത്തരം വ്യവസായ- സേവന മേഖലകളിലും 28 ശതമാനം മറ്റ് മുന്‍ഗണനാ മേഖലകളിലും 4.68 ശതമാനം പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുമാണ് ജില്ലയിലെ ബേങ്കുകള്‍ അനുവദിച്ചത്.