ബേങ്കുകള്‍ ചെറുകിട വ്യവസായ മേഖലക്ക് മുന്‍ഗണന നല്‍കണം

Posted on: March 19, 2015 10:17 am | Last updated: March 19, 2015 at 10:17 am
SHARE

മലപ്പുറം: ജില്ലയിലെ ബേങ്കുകള്‍ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അസി. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാതല ബേങ്കിംഗ് അവലോകന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യവസായ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സാമ്പത്തിക വളര്‍ച്ച നേടുന്നത് കൂടാതെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവാനും ചെറുകിട- ഇടത്തരം വ്യവസായ മേഖലയില്‍ വളര്‍ച്ചയുണ്ടാവണം. ഇതിന് ബേങ്കുകളുടെ ഉദാര സഹകരണം അനിവാര്യമാണ്. കഴിഞ്ഞ മൂന്ന് പാദങ്ങളിലെ സൂക്ഷ്മ- ചെറുകിട- ഇടത്തരം മേഖലയിലെ വായ്പാ നേട്ടം 31.07 ശതമാനം മാത്രമാണ്. ഇത് 75 ശതമാനമെങ്കിലും ആവണമെന്നും അസി. കലക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ 173 ആദിവാസി കോളനികളുണ്ട്. അവിടങ്ങളില്‍ ജീവിക്കുന്നവര്‍ക്കും പ്രധാനമന്ത്രിയുടെ ‘ജന്‍ധന്‍ യോജന’യുടെ പ്രയോജനം ലഭിക്കണം. ബേങ്കുകള്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ജനോപകാരപ്രദമായ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കണം. സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങള്‍ എല്ലാ ബ്ലോക്കുകളിലും തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വായ്പകള്‍ക്ക് അമിത പലിശ ഈടാക്കരുത്- വിദ്യാഭ്യാസ വായ്പകള്‍ക്ക് അമിത പലിശ ഈടാക്കി ബേങ്കുകള്‍ വിദ്യാര്‍ഥികളെ അകറ്റരുതെന്ന് ജില്ലാതല ബേങ്കിംഗ് അവലോകന സമിതി യോഗത്തില്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം അഡീഷനല്‍ ജനറല്‍ മാനേജര്‍ വി രവീന്ദ്രന്‍ പറഞ്ഞു. 2009 ന് ശേഷം വിദ്യാഭ്യാസ വായ്പയുടെ പലിശ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ വായ്പ വാങ്ങാന്‍ വരരുത് എന്ന നയം ബേങ്കുകള്‍ സ്വീകരിക്കരുത്. സാമൂഹിക പ്രതിബദ്ധതയോടെയാണ് വിദ്യാഭ്യാസ വായ്പാ കാര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടത്. പഠനശേഷം ജോലി ലഭിക്കാത്തതിനാല്‍ വായ്പ തിരിച്ചടയ്ക്കാതിരിക്കുന്ന പ്രവണത കുറയ്ക്കാന്‍ പ്രീ-കൗണ്‍സലിങിനായി സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാക്കളുടെ സേവനം ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ബേങ്കിംഗ് അവലോകന സമിതി യോഗത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കുറവ് അനുഭവപ്പെടുന്നതായും മുതിര്‍ന്ന ബേങ്ക് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിവാസി കോളനികളില്‍ ബേങ്ക് ശാഖകള്‍ തുടങ്ങുന്നതിനും സോളാര്‍ ഊര്‍ജ ഉത്പാദനം പോലുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനും ജില്ലാ ഭരണകൂടവുമായി സഹകരിക്കുമെന്ന് നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് മാനേജര്‍ കെ പി പത്മകുമാര്‍ പറഞ്ഞു. യോഗത്തില്‍ കനറാ ബേങ്ക് അഡീഷനല്‍ ജനറല്‍ മാനേജര്‍ കെ രാമചന്ദ്രന്‍, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ കെ അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.