Connect with us

Malappuram

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: ജില്ലയില്‍ പാതിവഴിയില്‍

Published

|

Last Updated

വണ്ടൂര്‍: ഭൂമിയില്ലാത്തവര്‍ക്കായി ഭൂമി വിതരണം ചെയ്യുന്ന സര്‍ക്കാറിന്റെ പദ്ധതി ജില്ലയില്‍ പാതിവഴിയില്‍. അപേക്ഷിച്ച ആയിരങ്ങള്‍ക്ക് ഇനിയും ഭൂമി കണ്ടെത്തുവാനോ വിതരണം ചെയ്യുവാനോ സാധിച്ചിട്ടില്ല. ഏറനാട്, നിലമ്പൂര്‍ താലൂക്കൂകളിലായി ആയിരക്കണക്കിനാളുകളാണ് പദ്ധതിപ്രകാരം ഭൂമി ലഭിക്കാന്‍ അപേക്ഷിച്ചിച്ചിരുന്നത്.

എന്നാല്‍ ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഭൂമിയുടെ പട്ടയം വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. 2013 സെപ്റ്റംബറില്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി .സംസ്ഥാനത്ത് 2.5 ലക്ഷം കുടുംബങ്ങളാണ് ഭൂരഹിതരായി സര്‍ക്കാറിന്റെ കണക്കിലുള്ളത്. ഭൂരഹിത കേരളം പദ്ധതി പ്രകാരം അപേക്ഷിച്ചവരുടെ എണ്ണമാണിത്.
ജില്ലയില്‍ നിന്ന് 25,438 കുടുംബങ്ങളാണ് അപേക്ഷ നല്‍കിയത്. ഇതില്‍ കൂടുതലും ഏറനാട് താലൂക്കില്‍ നിന്നുള്ളവരാണ്.മൂവായിരത്തിലേറെ കുടുംബങ്ങളാണ് ഈ താലൂക്കില്‍ നിന്നും അപേക്ഷ നല്‍കിയിട്ടുള്ളത്.
നിലമ്പൂര്‍ താലൂക്കിലെ തിരുവാലി പഞ്ചായത്തില്‍ മാത്രം ആയിരത്തിലേറെ അപേക്ഷകരുണ്ടെന്ന് പഞ്ചായത്ത് അംഗം കെ പി ഭാസ്‌കരന്‍ അറിയിച്ചു. ജില്ലയില്‍ 6.9728 ഹെക്ടര്‍ ഭൂമിമാത്രമാണ് ഇവര്‍ക്കായി വിതരണം ചെയ്യാനുള്ളത്. 500 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതോടെ ബാക്കിയുള്ള 25,000 കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഭൂമിയെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. അവശേഷിക്കുന്നവര്‍ക്ക് മറ്റു ജില്ലകളില്‍ ഭൂമി കണ്ടെത്തേണ്ടിവരും.ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ നിരവധി മിച്ചഭൂമിയുണ്ടെങ്കിലും ഇവയില്‍ പലതും അനധികൃതമായി കൈവശപ്പെടുത്തുന്നതായും പരാതി ഉയരുന്നുണ്ട്.
പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗം,നിത്യരോഗികള്‍,വിധവകള്‍,വികലാംഗര്‍,മൂന്ന് സെന്റ് ഭൂമിപോലും കുടുംബവാകാശമായി ലഭിക്കാത്തവര്‍ എന്നിവരെയാണ് ഭൂരഹിത കേരളം പദ്ധതിയിലേക്ക് പരിഗണിച്ചത്. തിരൂരങ്ങാടി താലൂക്കില്‍ അഞ്ചുപേര്‍ക്ക് നല്‍കാനുള്ള സ്ഥലം മാത്രമാണ് കിട്ടിയത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 83 പേര്‍ക്ക് നല്‍കാനും ലഭിച്ചു. പൊന്നാനിയില്‍ ഏഴുപേര്‍ക്ക് നല്‍കാന്‍ ഭൂമിയുണ്ടെങ്കിലും അവിടേക്ക് വഴിയില്ലാത്തതിനാല്‍ ആര്‍ക്കും നല്‍കില്ലെന്നാണ് നേരത്തെ ഡപ്യൂട്ടി കലക്ടര്‍ എന്‍കെ ആന്റണി അറിയിച്ചത്. വിവിധ വില്ലേജുകളില്‍ വര്‍ഷങ്ങളായി തുടരുന്ന മിച്ചഭൂമി കേസുകള്‍മൂലം പലര്‍ക്കും ഭൂമി വിതരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

Latest