ആദിവാസി കോളനികളില്‍ ഭക്ഷണം നല്‍കി ഡോക്ടറും സംഘവും

Posted on: March 19, 2015 10:15 am | Last updated: March 19, 2015 at 10:15 am
SHARE

കാളികാവ്: ആദിവാസി സമൂഹങ്ങളില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികളും മുതിര്‍ന്നവരും അനുഭവിക്കുന്ന രോഗാതുരമായ ജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ നല്‍കുന്ന പാഠങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാടിന്റെ മക്കള്‍ക്ക് പോഷകാഹാരം നല്‍കാന്‍ പ്രേരണയായത്.
ജില്ലാ സര്‍വ് ലൈന്‍ ഓഫീസര്‍ കൂടിയായ ഡോക്ടര്‍ നൂനമര്‍ജ, ആരോഗ്യ പ്രവര്‍ത്തകരായ കരുളായി പി എച്ച് സിയിലെ അജി ആനന്ദ്, അനൂബ് ഡാനിയേല്‍, അജു എന്നിവരാണ് ആദിവാസി കോളനിയില്‍ ഭക്ഷണം വെച്ച് വിളമ്പി മാതൃകയാകുന്നത്. കരുളായി മാഞ്ചീരി വനത്തിലെ ഗുഹാ വാസികളുള്‍പ്പടെ 17 ആദിവാസി ഊരുകളില്‍ നാല് മാസത്തെ പഠനത്തിന് ശേഷമാണ് ഡോക്ടറുടെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കുന്ന പരിപാടി ആരംഭിച്ചത്.
മാഞ്ചീരി കോളനിയിലെ ആദിവാസി ഊരുകളിലെ മൂന്ന് കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരണത്തോട് മല്ലിട്ട് ജീവിക്കുകയാണ്. ഈ മൂന്ന് കുട്ടികളും ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരെ ആശുപത്രിയില്‍ എത്തിച്ചത് ഡോക്ടറും സംഘവുമായിരുന്നു. കുരങ്ങ് പനി, പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ, തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ വിഭാഗം ജില്ലാതലവനായ ഡോക്ടറുടെ പ്രവര്‍ത്തന മേഖല പ്രധാനമായും ആദിവാസി ഊരുകളാണ്. 12 ആഴ്ചകളായി ഡോക്ടറും സംഘവും ആദിവാസികള്‍ക്ക് ഭക്ഷണം വെച്ച് വിളമ്പുന്നു. എല്ലാ ബുധനാഴ്ചകളിലുമാണ് ഇവരുടെ പോഷകാഹാര പരിപാടി. മഹിളാ സമഖ്യാ സൊസൈറ്റിയുടെ പ്രവര്‍ത്തകരും സംഘത്തോടൊപ്പം സഹായത്തിനെത്തുന്നതാണ് സംഘത്തിന് ആകെയുള്ള സഹായം. തങ്ങള്‍ക്ക് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം മാറ്റിവെച്ചാണ് സംഘം ആദിവാസികള്‍ക്ക് തണലാകുന്നത്. ചില സഹപ്രവര്‍ത്തകരുടെ സഹായവും സംഘത്തിന് ലഭിക്കുന്നുണ്ട്.