ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ 47 ശതമാനം തുക ചെലവഴിച്ചു

Posted on: March 19, 2015 10:13 am | Last updated: March 19, 2015 at 10:13 am
SHARE

കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2014-15 സാമ്പത്തിക വര്‍ഷം ഇതുവരെയായി പദ്ധതി തുകയുടെ 47 ശതമാനം ചെലവഴിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ട്.
ജില്ലയിലെ 75 ഗ്രാമപഞ്ചായത്തുകള്‍ 51. 49 ശതമാനം തുകയാണ് ചെലവഴിച്ചത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ ചെലവ് ശതമാനം. 12 ബ്ലോക്ക് പഞ്ചായത്തുകള്‍ 60 ശതമാനം, വടകര മുനിസിപ്പാലിറ്റി 36.67 ശതമാനം, കൊയിലാണ്ടി മുനിസിപ്പാലിറ്റി 42.70 ശതമാനം, ജില്ലാ പഞ്ചായത്ത് 54.95 ശതമാനം, കോഴിക്കോട് കോര്‍പറേഷന്‍ 21.93 ശതമാനം.
60 ശതമാനത്തിലേറെ തുക ചെലവഴിച്ച ഗ്രാമപഞ്ചായത്തുകള്‍ പേരാമ്പ്ര, പെരുവയല്‍, മണിയൂര്‍, അരിക്കുളം, കട്ടിപ്പാറ, നൊച്ചാട്, മരുതോങ്കര, തൂണേരി, കീഴരിയൂര്‍, കോട്ടൂര്‍, കായണ്ണ, മേപ്പയൂര്‍, കുറ്റിയാടി, കൂരാച്ചുണ്ട്, നരിക്കുനി എന്നിവയാണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ ബാലുശ്ശേരി, കുന്നുമ്മല്‍, തോടന്നൂര്‍, ചേളന്നൂര്‍ എന്നിവയും. ജില്ലയില്‍ അരിക്കുളം, കാവിലുംപാറ, കീഴരിയൂര്‍, മരുതോങ്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2015- 16 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 2014- 15 വാര്‍ഷിക പദ്ധതിയില്‍ 51 ഗ്രാമപഞ്ചായത്തുകളുടെ പ്രൊജക്ട് ഭേദഗതികളും അംഗീകരിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഡി ജോസഫ്, കമലാ പണിക്കര്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ബിജു താന്നിക്കാക്കുഴി പ്രസംഗിച്ചു.