Connect with us

Kozhikode

പുകയിലയുടെ ഉപയോഗം പുതുതലമുറയെ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്നുവെന്ന്

Published

|

Last Updated

കോഴിക്കോട്: ഭക്ഷണക്രമങ്ങളിലുള്ള മാറ്റങ്ങള്‍, പുകയിലയുടെ ഉപയോഗം എന്നിവയാണ് പുതുതലമുറയെ ജീവിതശൈലീരോഗങ്ങളിലേക്ക് കൂടുതല്‍ നയിക്കുന്നതെന്ന് ഡബ്ല്യയു ആന്‍ഡ് സി ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ ഡോ. മോഹന്‍ദാസ് പറഞ്ഞു.
പകര്‍ച്ചേതര രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ക്കായി നടത്തിയ സെമിനാറില്‍ ജീവിതിശൈലീ രോഗങ്ങളും നിയന്ത്രണവും എന്ന വിശയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോഡി മാസ് ഇന്‍ഡെക്‌സ് അനുസരിച്ചുള്ള ഭക്ഷണക്രമീകരണം ഏറെ പ്രധാനമാണ്. ശരിയായ രീതിയിലുള്ള ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങളെ ഒരു പരിധിവരെ ചെറുത്തുനിര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് സെക്രട്ടറി എം സലിം ഉദ്ഘാടനം ചെയ്തു.
അര്‍ബുദവും പ്രതിരോധവും എന്ന വിഷയത്തില്‍ ഓങ്കോളജിസ്റ്റ് ഡോ. നാരായണന്‍കുട്ടി വാര്യര്‍ ക്ലാസെടുത്തു.
ഭക്ഷണരീതിയിലുളള മാറ്റങ്ങള്‍, മദ്യപാനം, പുകവലി എന്നിവയാണ് 50 ശതമാനം അര്‍ബുദങ്ങള്‍ക്കും കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയകാലത്തെ അപേക്ഷിച്ച് പുകവലിക്കാരുടെ എണ്ണം താരതമ്യേന കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ അര്‍ബുദ രോഗികളുടെ എണ്ണം കൂടാനിടയാക്കി. പാരമ്പര്യ ഹേതുവായി അര്‍ബുദം വരാനുളള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.