ന്യൂ ജനറേഷന്‍ പദ്ധതികളുമായി പെരുവയലിന്റെ ഹൈടെക് ബജറ്റ്

Posted on: March 19, 2015 10:12 am | Last updated: March 19, 2015 at 10:12 am
SHARE

കോഴിക്കോട്: വിദ്യാഭ്യാസത്തിനും തൊഴിലിനും ന്യൂ ജനറേഷന്‍ പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ ഹൈടെക് ബജറ്റ്. 13,63,78,705 രൂപ വരവും 13,43,43,976 രൂപ ചെലവും 20,34,729 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
സമഗ്ര വിദ്യാഭ്യാസ സര്‍വേയിലൂടെ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളെ ശാക്തീകരിക്കുകയും കൂടുതല്‍ അവസരം ഒരുക്കുകയും ചെയ്യുന്ന രീതിയിലുള്ള വേറിട്ട വികസനമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ഐ ടി മേഖലയിലുള്‍പ്പെടെ സംരംഭകരെ ആകര്‍ഷിക്കാനും അവസരം ഒരുക്കുന്നതിനും ഭരണസമിതി മുന്‍കൈയെടുക്കും. 22 വാര്‍ഡുകളിലെയും ഗ്രാമകേന്ദ്രങ്ങളെ വാര്‍ഡ് ഓഫീസുകളാക്കി മാറ്റുകയും ഇന്റര്‍നെറ്റ് സൗകര്യത്തോടെ കമ്പ്യൂട്ടര്‍വത്ക്കരിക്കുകയും ചെയ്യും.
സ്വകാര്യ ഗ്രൂപ്പുകളുടെ സഹായത്തോടെ പഞ്ചായത്തിലെ പ്രധാന ടൗണുകളില്‍ വൈഫൈ സംവിധാനമൊരുക്കും. ന്യൂജനറേഷന്‍ കര്‍ഷകക്കൂട്ടം, റോഡ് കണക്ടിവിറ്റി മാപ്പ്, യുവസംരംഭ ഗ്രൂപ്പുകള്‍ക്ക് പരിശീലനവും ധനസഹായവും, സ്മാര്‍ട്ട് ക്ലാസ് റൂം, സൈബര്‍ മീറ്റ് എന്നിവയും വേറിട്ട പദ്ധതികളാണ്. ജവഹര്‍ ഭവന പദ്ധതിയുള്‍പ്പെടെ ഭവന നിര്‍മാണത്തിന് 85 ലക്ഷവും റോഡ് വികസനത്തിന് 2.2 കോടിയും കുടിവെള്ള പദ്ധതികള്‍ക്ക് 51 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി വിഭാഗങ്ങളുടെ മുന്നേറ്റം ലക്ഷ്യമിട്ട് പി എസ് സി കോച്ചിംഗ് സഹായം, വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിന് ധനസഹായം, കോളനികളില്‍ പഠന വീട്, വെളിച്ചം സമഗ്ര വിദ്യാഭ്യാസ മുന്നേറ്റ പദ്ധതി, തൊഴില്‍ പരിശീലനം എന്നിവയും അര്‍ഹരായ മുഴുവന്‍ വീടുകളുടെയും അറ്റകുറ്റപ്പണി, കിണര്‍ നിര്‍മാണം എന്നിവയും നടപ്പാക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ ശറഫുദ്ദീന്‍ ബജറ്റ് അവതരിപ്പിച്ചു. സി എം സദാശിവന്‍, സി കെ ഫസീല, കുന്നുമ്മല്‍ സുലൈഖ, പി അസ്മാബി, പോത്തത്ത് മുഹമ്മദ് ഹാജി, കെ എം ഗണേശന്‍, എം മുകുന്ദന്‍, പി രാധാകൃഷ്ണന്‍, പി അനിത, പി എം ചന്ദ്രശേഖരന്‍ പങ്കെടുത്തു.