കുണ്ടുങ്ങലിലെ മാലിന്യപ്രശ്‌നം തീര്‍ക്കാന്‍ 50 ലക്ഷം അനുവദിച്ചു

Posted on: March 19, 2015 10:09 am | Last updated: March 19, 2015 at 10:09 am
SHARE

കോഴിക്കോട്: രൂക്ഷമായ മാലിന്യത്താല്‍ ജനം വലയുന്ന കുണ്ടുങ്ങലിലെ തോടിന് സ്ലാബിടാന്‍ 50 ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത് സാമൂഹിക ക്ഷേമന്ത്രി എം കെ മുനീര്‍ അറിയിച്ചു. ഈ തുക തികഞ്ഞില്ലെങ്കില്‍ കൂടുതല്‍ അനുവദിക്കുമെന്നും രണ്ട് മാസത്തിനുള്ളില്‍ സ്ലാബിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
ഞായറാഴ്ച പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും മന്ത്രി അറിയിച്ചു. കുണ്ടുങ്ങലില്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി തന്റെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്. വര്‍ഷങ്ങളായുള്ള മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തോടിന് സമീപത്തായി താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ പ്രക്ഷോഭം നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചതോടെ പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചത്.
പടപ്പള്ളി മുതല്‍ മാളിയേക്കല്‍ വരെ നീണ്ടുകിടക്കുന്ന തോടിലെ മാലിന്യം കാരണം നാട്ടുകാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ദുര്‍ഗന്ധവും കൊതുകു ശല്യവും ഇവിടത്തുകാര്‍ക്ക് പരിചിതമായിരുന്നു. മഴക്കാലമായാല്‍ ദുരിതം വര്‍ധിക്കും. മഴ പെയ്താല്‍ തോട് നിറഞ്ഞ് വെള്ളം വീടുകളിലേക്ക് പരന്നൊഴുകും. തോട് വൃത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തോടിന് സമീപമുള്ള പല വീടുകളുടെയും അടുക്കളയും ഓവുചാലും തമ്മില്‍ ഒരു മീറ്റര്‍ വ്യത്യാസം പോലുമില്ല. ഇവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കോര്‍പറേഷന്റെ പൈപ്പ് ഈ ഓവുചാലിനുള്ളിലൂടെയാണ് കടന്നുപോകുന്നത്.
പകര്‍ച്ചവ്യാധികള്‍ ഇവിടെ നിത്യസംഭവമാണ്. കൊതുകില്‍ നിന്ന് പകരുന്നതാണ് അസുഖങ്ങളിലേറെയും. പലരുടെയും ദേഹത്ത് ചൊറിഞ്ഞു തടിച്ച പാടുകള്‍ കാണാം. ഈ ഓവുചാലിന്റെ കാരണത്താല്‍ പലരുടെയും വിവാഹം വരെ മുടങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തെ തുടര്‍ന്ന് നേരത്തെ കോര്‍പറേഷന്‍ തോടിന് സ്ലാബിട്ടിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ഇത് തകരുകയും ചെയ്തു.
സ്ഥലം കൗണ്‍സിലര്‍ അടക്കം കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയത്.
മന്ത്രി മുനീറിനൊപ്പം കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, സി ടി സക്കീര്‍ ഹുസൈന്‍, മൊയ്തീന്‍ബാബു, കെ ടി മൊയ്തീന്‍ കോയ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.