Connect with us

Kozhikode

പോബ്‌സണ്‍ ക്രഷറിനെതിരെ നിരാഹാര സമരം തുടങ്ങി

Published

|

Last Updated

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പോബ്‌സണ്‍ ക്രഷറില്‍ നിന്ന് പ്രദേശവാസികളുടെ ലോറികള്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കമായി. രണ്ട് ദിവസത്തെ ഉപരോധ സമരത്തിന് ശേഷമാണ് നാട്ടുകാര്‍ റിലേ നിരാഹാരസമരം തുടങ്ങിയത്. തങ്ങളുടെ നാട്ടിലെ പാറകള്‍ മുഴുവന്‍ പൊട്ടിച്ചുകൊണ്ട് പോയി അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത് നാട്ടുകാരാണ്. എന്നാല്‍ നാട്ടിലെ ഡ്രൈവര്‍മാര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ എ ഡി ഇ എഫ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ നിരവധി ചെറുകിട ക്വാറികളും ക്രഷറുകളും പഞ്ചായത്ത് സെക്രട്ടറിമാരുടെ നിര്‍ദേശപ്രകാരം അടച്ചുപൂട്ടിയിരിക്കുകയാണ്. എന്നാല്‍ മൂന്ന് വന്‍കിട ക്രഷറുകള്‍ കൊടിയത്തൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് രണ്ട് ക്രഷറുകളും പ്രദേശവാസികള്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കുമ്പോള്‍ പോബ്‌സണ്‍ മാത്രം അതിന് തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ നിരാഹാര സമരം തുടങ്ങിയത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗ്രാമപഞ്ചാത്തംഗങ്ങളായ മുന്‍ പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍, സുജ ടോം, എന്‍ കെ അഷ്‌റഫ് എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.
പോബ്‌സണ്‍ ക്രഷറില്‍ നിര്‍മിച്ച അനധികൃത വാട്ടര്‍ ഷെഡുകള്‍ തുറന്ന് വിടുക, ഭൂമി കൈയേറ്റം അന്വേഷിക്കുക, പ്രകൃതി ചൂഷണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.