Connect with us

Ongoing News

ബംഗ്ലാദേശിനെ തൂത്തെറിഞ്ഞ് ഇന്ത്യ സെമിയില്‍

Published

|

Last Updated

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫെെനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി 109 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ  സെമി ഫെെനലിലെത്തി.  ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍െസന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ 193 റണ്‍സിന് ഒാള്‍ ഒൗട്ടാക്കിയാണ് ഇന്ത്യ ആധികാരിക വിജയം നേടിയത്. ലോകകപ്പില്‍ ഇന്ത്യക്ക് ഇത് തുടര്‍ച്ചയായ പതിനാെന്നാം ജയം. നാളെ അഡ് ലെയ്ഡില്‍  നടക്കുന്ന ആസ്ത്രേലിയ – പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫെെനലിലെ വിജയികളാകും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. സുരേഷ് റെയ്‌ന അര്‍ധ സെഞ്ച്വറി നേടി രോഹിതിന് മികച്ച പിന്തുണ നല്‍കി. രോഹിത് 122 പന്തില്‍ 137 റണ്ണെടുത്താണ് പുറത്തായത്. മൂന്ന് സിക്‌സറും 14 ഫോറും നേടി. റെയ്‌ന 57 പന്തില്‍ 65 റണ്‍സെടുത്തു. ഒരു സിക്‌സറും ഏഴ് ഫോറും നേടി.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ധവാനും രോഹിതും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 75 റണ്‍സ് ചേര്‍ത്തു. 50 പന്തില്‍ 30 റണ്ണെടുത്ത ധവാന്‍ വീണതോടെ പിന്നാലെയെത്തിയ കോഹ്‌ലി 8 പന്തില്‍ 3 റണ്ണെടുത്ത് പെട്ടെന്ന് പുറത്തായി. 19 റണ്ണെടുത്ത രഹാനെയാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്.  ധോനി 6 റണ്‍സെടുത്ത് പുറത്തായി. ജഡേജയും (23) അശ്വിനും (3) പുറത്താകാതെ നിന്നു. തസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കത്തിലേ പതറി. ബംഗ്ലാ കടുവകള്‍ക്ക് 45 ഓവറില്‍ 193 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തിന് മുന്നില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ അടിയറവ് പറഞ്ഞു. തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ വീണുടഞ്ഞതോടെ ബംഗ്ലാദേശിന് മേല്‍ ഇന്ത്യയുടെ വിജയം എളുപ്പമാകുകയായിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് നാലും മുഹമ്മദ് ഷാമി രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. 17 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഷാമിയാണ് ഇപ്പോള്‍ ഒന്നാമന്‍.

തുടക്കത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് ബൗളര്‍മാന്‍ ഒന്ന് വിറപ്പിച്ചെങ്കിലും രോഹിത് ശര്‍മ – സുരേഷ് റെയ്‌ന കൂട്ടുകെട്ടില്‍ പിറന്ന ഉഗ്രന്‍ ഷോട്ടുകള്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡിന് വേഗതകൂട്ടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടി ആയതോടെ മഹാവിജയം സ്വന്തമാക്കുകയായിരുന്നു. പത്ത് പന്തില്‍ നിന്ന് നാല് ഫോറുകളുമായി 23 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു.

India v Bangladesh: Quarter Final - 2015 ICC Cricket World Cup