Connect with us

Sports

അട്ടിമറിക്ക് ബംഗ്ലാദേശ് ; ആത്മവിശ്വാസത്തോടെ ഇന്ത്യ

Published

|

Last Updated

ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയും ക്വാര്‍ട്ടറിലെത്തിയ ടീമുകളില്‍ ഏറ്റവും കുറഞ്ഞ റാങ്കിംഗിലുള്ള ബംഗ്ലാദേശും ഇന്ന് മുഖാമുഖം. ആര് സെമിയുറപ്പിക്കും ? അനായാസം ഇന്ത്യ എന്ന തലക്കെട്ട് തന്നെയാണ് ക്രിക്കറ്റ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മീഡിയം പേസര്‍മാരും സ്പിന്നര്‍മാരും ബാറ്റ്‌സ്മാന്‍മാരും മാച്ച് വിന്നേഴ്‌സാകുന്ന കാഴ്ചയാണ് ഇന്ത്യന്‍ ടീമില്‍. എല്ലാത്തിനുമുപരി മുന്നില്‍ നിന്ന് നയിക്കുന്ന നായകനും. പൂള്‍ ബിയില്‍ എല്ലാ കളിയും ആധികാരികമായി ജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.
കപ്പ് ഫേവറിറ്റുകളായ ദക്ഷിണാഫ്രിക്കയും ഇന്ത്യയുടെ ചൂടറിഞ്ഞു. ലോകം ഉറ്റുനോക്കിയ പോരില്‍ പാക്കിസ്ഥാനെയും ഇന്ത്യ മലര്‍ത്തിയടിച്ചു. ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ തീര്‍ത്തും നിറം മങ്ങിയ ബൗളിംഗ് നിര, ലോകകപ്പില്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എല്ലാ മത്സരത്തിലും എതിരാളിയെ ആള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ബാറ്റിംഗ് വിഭാഗമെടുത്താല്‍ ഓരോ താരവും അവസരോചിതമായ ഇന്നിംഗ്‌സിന് പ്രാപ്തര്‍. പാക്കിസ്ഥാനെതിരെ വിരാട് കോഹ്‌ലി സെഞ്ച്വരിയോടെ തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക, അയര്‍ലാന്‍ഡ് ടീമുകള്‍ക്കെതിരെ ശിഖര്‍ ധവാന്റെ സെഞ്ച്വറി പ്രകടനം.
സിംബാബ്‌വെക്കെതിരെ സുരേഷ് റെയ്‌നയും സെഞ്ച്വറിയോടെ മാറ്ററിയിച്ചു. എന്നാല്‍, ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സിംബാബ്‌വെക്കെതിരെ പുറത്തെടുത്ത അര്‍ധസെഞ്ച്വറി പ്രകടനമാണ് ഏറെ ശ്രദ്ധേയം. കൈവിട്ടു പോകുമായിരുന്ന മത്സരം എങ്ങനെ പിടിച്ചെടുക്കാമെന്ന് ധോണി കാണിച്ചു തന്നു. ഏകദിനത്തിലെ ഒരു എപ്പിക് പ്രകടനമായി ഇത്. പ്രതിഭയോട് നീതിപുലര്‍ത്തുന്ന പ്രകടനം രോഹിത് ശര്‍മയില്‍ നിന്ന് വരാനിരിക്കുന്നതേയുള്ളൂ. അതു പോലെ രവീന്ദ്ര ജഡേജ ലോകകപ്പില്‍ തന്റെതായ മുദ്രപതിപ്പിക്കുന്ന പ്രകടനം ഇനിയും കാഴ്ചവെച്ചിട്ടില്ല. ഇങ്ങനെ കാണാനിരിക്കുന്ന അത്ഭതുപ്രകടനങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ട്.
ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താണ് ബംഗ്ലാദേശ് ഇന്ത്യയുമായി മെല്‍ബണില്‍ കളിക്കാനിറങ്ങുന്നത്. ഈ ഗ്രൗണ്ട് തന്നെയാണ് ബംഗ്ലാദേശിന്റെ ആദ്യ വില്ലന്‍. ആസ്‌ത്രേലിയയിലെ ഈ ഗ്രൗണ്ടിന് ടൂര്‍ണമെന്റിലെ മറ്റ് ഗ്രൗണ്ടുകളെ അപേക്ഷിച്ച് വലുപ്പമേറെയാണ്.
ആദ്യ കളിയിയില്‍ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശ് അതനുഭവിക്കുകയും ചെയ്തു. നിര്‍ണായകമായ ക്യാച്ചുകള്‍ കൈവിട്ടു. അതുകൊണ്ടു തന്നെ ബംഗ്ലാദേശ് ഫീല്‍ഡിംഗില്‍ തന്ത്രപരമായ മാറ്റങ്ങളോടെയാകും ഇന്നിറങ്ങുക.
വമ്പന്മാരെ വീഴ്ത്താന്‍ മിടുക്കന്മാരാണ് ബംഗ്ലാദേശ്. പോരാത്തതിന് സ്പിന്‍ അനായാസം കളിക്കാറിയുന്നതവരും. സിംബാബ്വെയ്‌ക്കെതിരെ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും 20 ഓവറില്‍ വിട്ടുകൊടുത്തത് 146 റണ്‍സാണ്. ഇവര്‍ക്കെതിരെ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പേടിക്കേണ്ടതില്ല.
ഫോമിലുള്ള മുഹമ്മദുള്ളയും മുഷ്ഫിക്കര്‍ റഹീമും ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്‌ലന്‍ഡിന്റെയും അഫ്ഗാനിസ്ഥാന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച ബാറ്റ്‌സ്മാന്മാരാണ്. സാക്കിബ് അല്‍ ഹസന്റെ സ്പിന്നും റൂബല്‍ ഹുസൈന്റെ പേസും കഴിഞ്ഞമത്സരങ്ങളില്‍ എതിരാളികളെ കുഴക്കിയിരുന്നു. എന്നാല്‍ എല്ലാ ബാറ്റ്‌സ്മാന്മാരും ഒരേ ഫോമില്‍ കളിക്കുന്ന ടീം ഇന്ത്യക്ക് എടുത്തുചാട്ടമൊഴിവാക്കിയാല്‍ തന്നെ സെമിയുറപ്പിക്കാം. ലക്ഷ്യം മറക്കാതെ നയിക്കാന്‍ ധോണിയെ പോലൊരു ക്യാപ്റ്റനുള്ളത് തന്നെയാണ് ഇന്ത്യയുടെ കരുത്ത്. സിംബാബ്‌വെക്കെതിരെ ധോണി അത് കാണിച്ചു തന്നു.

 

Latest