സരിത നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയില്‍ കണ്ടതിന് കൂടുതല്‍ തെളിവ്‌

Posted on: March 19, 2015 5:28 am | Last updated: March 18, 2015 at 11:28 pm
SHARE

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഡല്‍ഹിയില്‍ കണ്ടിരുന്നുവെന്നതിന് സോളാര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ കൂടുതല്‍ തെളിവ്. കേസില്‍ കക്ഷി ചേര്‍ന്ന ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രനാണ് തെളിവുകള്‍ നല്‍കിയത്. സരിത എസ് നായര്‍ 27ന് രാവിലെ എട്ടിന് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും 28ന് രാത്രി 12.55ന് ഇതേ കമ്പനിയുടെ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും യാത്ര ചെയ്തതിന്റെ രേഖകള്‍ കമ്മീഷന് അഡ്വ. ബി രാജേന്ദ്രന്‍ കൈമാറി.
എറണാകുളം രവിപുരത്തുള്ള ഫ്‌ളൈ വെല്‍ എന്ന സ്ഥാപനത്തിലൂടെയാണ് യാത്രക്കുള്ള ടിക്കറ്റ് എടുത്തത്. ഈ ദിവസങ്ങളിലാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ താന്‍ ഡല്‍ഹിയില്‍ പോയത് ഡിസംബര്‍ 29നാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ്.
സോളാര്‍ തട്ടിപ്പ് കേസില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് എ ഐ എല്‍ യുവിന്റെ മൊഴിയില്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതില്‍ നിയമക്രമം പാലിച്ചിട്ടില്ല. കേസുകള്‍ അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തെ നിയമിക്കേണ്ടത് സംസ്ഥാനസര്‍ക്കാറാണ്. സോളാര്‍ കേസ് അന്വേഷിക്കാനുള്ള സംഘത്തെ ഡി ജി പിയാണ് നിയമിച്ചത്. സര്‍ക്കാര്‍ പിന്നീട് ഇതിന് അംഗീകാരം നല്‍കുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി ഈ വിഷയത്തില്‍ നടത്തിയ നിരീക്ഷണംഇതിനെ സാധൂകരിക്കുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അതാതിടങ്ങളിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഡി വൈഎസ് പിമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരു ടീമിനെക്കൊണ്ട് അന്വേഷിപ്പിച്ച് അതില്‍ സര്‍ക്കാറിന് ഇടപെടാന്‍ അവസരമുണ്ടാക്കി. ജോപ്പന് ജാമ്യം നല്‍കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും മൊഴിയില്‍ പറഞ്ഞു.
കടകംപിള്ളി ഭൂമിതട്ടിപ്പു കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ കേസില്‍ സലീംരാജിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരായി സ്‌റ്റേ വാങ്ങിയിരുന്നു.
ഈ രേഖകള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള സംഭാഷണം പുറത്തുവരുമെന്നതിനാലാണിത്. സോളാര്‍ തട്ടിപ്പ് പുറത്തുവന്ന കാലയളവിലെ വാര്‍ത്തകളടക്കമുള്ള 70 ഓളം രേഖകള്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്.