വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ എജന്‍സികള്‍ക്ക് മാത്രം

Posted on: March 19, 2015 5:16 am | Last updated: March 18, 2015 at 11:17 pm
SHARE

തിരുവനന്തപുരം: രാജ്യത്ത് ഇനി മുതല്‍ വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ നടത്താകൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ലക്ഷങ്ങള്‍ ഈടാക്കി വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ ഏജന്‍സികള്‍ക്ക് മൂക്കുകയറിടുന്നതാണ് തീരുമാനം. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് മേഖലയില്‍ വ്യാപകമായ ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രവാസികാര്യ വകുപ്പിന്റെ പുതിയ ഉത്തരവ്. ഇനി മുതല്‍ രാജ്യത്ത് നിന്ന് നഴ്‌സിംഗ് മേഖലയില്‍ ഏതെങ്കിലും തലത്തിലുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഒ ഡി ഇ പി സി വഴിയോ, നോര്‍ക്ക വഴിയോ മാത്രമായിരിക്കും. അടുത്ത മാസം അവസാനത്തോടെ ഈ ഉത്തരവ് നിലവില്‍ വരും.
25 ലക്ഷം രൂപ വരെയാണ് നിലവില്‍ കുവൈത്തില്‍ ജോലിക്ക് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്.കുവൈത്തിലെ തൊഴില്‍ കരാറെടുത്തിട്ടുള്ള ഏജന്‍സികളും കേരളത്തിലെ സ്വകാര്യ ഏജന്‍സികളും ചേര്‍ന്നാണ് ചൂഷണം. പണം ഈടാക്കിയ ശേഷം ഏജന്‍സികള്‍ മുങ്ങുന്നതും പതിവ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി തന്നെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് അനുസരിച്ച് ഏതെങ്കിലും വിദേശരാജ്യത്തിന് നഴ്‌സുമാരെ ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണം. നിലവില്‍ ഒ ഡി ഇ പി സി വഴി സഊദി അറേബ്യയിലേക്ക് മാത്രമാണ് നിയമനം നടക്കുന്നത്. സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചൂഷണത്തില്‍നിന്നും തൊഴില്‍ അന്വേഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്.
വിദേശ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനും നിശ്ചിത യോഗ്യത കരസ്ഥമാക്കിയിട്ടുള്ള തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുന്നതിനും വേണ്ടി തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഒ ഡി ഇ പി സി.