Connect with us

Eranakulam

കൊച്ചി മെട്രോ: കോച്ചുകളുടെ നിര്‍മാണ ഉദ്ഘാടനം 21ന്‌

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകളുടെ നിര്‍മാണോദ്ഘാടനം 21ന് ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ നടക്കും. തത്സമയം കൊച്ചിയിലും ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ശ്രീസിറ്റിയിലെ അല്‍സ്റ്റോം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കോച്ചിന്റെ ബോഡി ഷെല്‍ അനാവരണവും ഉദ്ഘാടനവും നിര്‍വഹിക്കും. എറണാകുളം ടൗണ്‍ഹാളില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രസംഗം തത്സമയം ഉദ്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രീസിറ്റിയിലെ ചടങ്ങുകള്‍ കൊച്ചിയിലും തത്സമയം കാണിക്കും. കെ വി തോമസ് എം പിയും മന്ത്രി ആര്യാടന്‍ മുഹമ്മദുമടക്കമുള്ളവര്‍ ശ്രീസിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും മികച്ചതും നൂതനവുമായ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയായിരിക്കും കൊച്ചി മെട്രോ കോച്ചുകള്‍ നിര്‍മിക്കുകയെന്ന് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ്രൈവറില്ലാതെ ഓടിക്കാന്‍ കഴിയുന്ന കോച്ച് യാത്രക്കാര്‍ക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കുമൊക്കെ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടാകും. 8.4 കോടി രൂപയാണ് ഒരു കോച്ചിന്റെ നിര്‍മാണ ചെലവ്. 75 കോച്ചുകളാണ് നിര്‍മിക്കുക. രാജ്യത്ത് ലഭ്യമായതില്‍ വെച്ച് ഏറ്റവും ചെലവ് കുറഞ്ഞതായിരിക്കും കോച്ചുകള്‍ നിര്‍മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ഡിസംബറില്‍ കെ എം ആര്‍ എല്ലിന് കോച്ചുകള്‍ കൈമാറും. മെട്രോ റെയിലിനോടനുബന്ധിച്ച് നടപ്പാക്കുന്ന സംയോജിത നഗരഗതാഗത വികസന പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജര്‍മന്‍ ധനകാര്യ ഏജന്‍സിയായ റികണ്‍സ്ട്രക്ഷന്‍ ക്രെഡിറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (കെ എഫ് ഡബ്യൂ) പ്രതിനിധി സംഘം 27ന് അന്തിമ ചര്‍ച്ചകള്‍ക്കായി കൊച്ചിയിലെത്തും. കഴിഞ്ഞ മാസം കൊച്ചിയിലെത്തിയ ജര്‍മന്‍ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതിക്കായുള്ള ഡി പി ആറിന്റെ അന്തിമ രൂപം തയ്യാറാക്കിട്ടുണ്ട്. 700 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിനോര്‍ത്ത് പറവൂര്‍ വരെയാണ് ജലപാത സജ്ജമാക്കുന്നത്. ഈ ആഴ്ച തന്നെ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനായി ഡി പി ആര്‍ അയച്ചുകൊടുക്കും. അടുത്ത ജനുവരിയില്‍ ജര്‍മന്‍ ധനസഹായം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കെ എം ആര്‍ എല്‍ തന്നെയായിരിക്കും ലോണ്‍ ക്ലയന്റ്.
കൊച്ചി മെട്രോക്ക് അനുബന്ധമായി നടപ്പാക്കുന്ന യൂനിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി(ഉംട) ഒരു എക്്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഉംട ആക്ട് നിലവില്‍ വരുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നതിനാലാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ അതോറിട്ടി യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുന്നതെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

Latest