Connect with us

Kerala

അരിയിലേത് പ്ലാസ്റ്റിക് അല്ല; കത്തുന്നത് പാട

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വിപണിയിലെത്തുന്ന അരി, വെളിച്ചെണ്ണ, പഴം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ നടപടികള്‍ ശക്തമാക്കും. അരിയില്‍ പ്ലാസ്റ്റിക് കലര്‍ത്തി വിപണിയിലെത്തിക്കുന്നതായുള്ള പരാതി വസ്തുതാ വിരുദ്ധമാണെന്ന് ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായിട്ടുള്ളതിനാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.

മന്ത്രിമാരായ കെ പി മോഹനന്‍, അനൂപ് ജേക്കബ് എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയുന്നതിന് പുതിയ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുതല സെക്രട്ടറിമാരെ യോഗം ചുമതലപ്പെടുത്തി. അരിയില്‍ പ്ലാസ്റ്റിക് കലര്‍ത്തിയിട്ടുണ്ടെന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 സാമ്പിളുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചത്. അവയിലൊന്നും പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയിട്ടില്ല. അരി തിളക്കുമ്പോഴുണ്ടാകുന്ന പാട ഹൈഡ്രോകാര്‍ബണായതിനാലാണ് ഉണങ്ങിയ സമയങ്ങളില്‍ ഇവ കത്തിച്ചാല്‍ കത്തുന്നത് .
സ്റ്റാര്‍ച്ച് കൂടുതലുള്ള അരിയാണെങ്കില്‍, പാട പ്ലാസ്റ്റിക്ക് കത്തുന്നതുപോലെ കത്തും. ഒറൈസാ സറ്റൈവ എന്ന അരി ഇനത്തേക്കാള്‍ അമിലോസിന്റെ അളവ് കൂടുതലുള്ള ഒറൈസാ ഗ്ലൂട്ടിനോസ ഇനത്തിലും മറ്റുമാണ് നന്നായി കത്തിക്കാവുന്ന പാട കാണാറുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമുണ്ടെങ്കില്‍, ആരോഗ്യവകുപ്പിന്റെ എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള അനലറ്റിക്കല്‍ ലാബുകളില്‍ നേരിട്ടും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖേനയും പരിശോധിക്കാവുന്നതാണ്. അരി ഓര്‍ഗാനിക് ലായനിയില്‍ മുക്കിവെച്ചുള്ള പരിശോധനക്കും ഐ ആര്‍ സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍ പരിശോധനക്കുമുള്ള സൗകര്യം ഈ ലാബുകളിലുണ്ട്. ചില സ്വകാര്യ ലാബുകളിലും ഇത് ലഭ്യമാണ്. ആരോഗ്യത്തിന് ഹാനികരമായ മിനറല്‍ ഓയില്‍ അടക്കമുള്ള പദാര്‍ഥങ്ങള്‍ കലര്‍ത്തിയ വെളിച്ചെണ്ണ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കണ്ടെത്തിയിട്ടില്ല. എന്നാല്‍, വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ചിലതില്‍ പാമോയിലും, പാംകര്‍ണല്‍ ഓയിലും അടക്കമുള്ള ഭക്ഷ്യയോഗ്യമായ എണ്ണകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവയുടെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിന് കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച രണ്ട് കേസുകളില്‍ വിതരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പഴങ്ങളില്‍ കാത്സ്യം കാര്‍ബൈഡ് ചേര്‍ക്കുന്നത് ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഇപ്പോള്‍ 192 കേസുകളില്‍ ന്യായനിര്‍ണയവും 122 കേസുകളില്‍ ക്രിമിനല്‍ നടപടിയും സ്വീകരിച്ചുവരികയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പഴങ്ങളോ പച്ചക്കറികളോ വാങ്ങുന്ന മൊത്തക്കച്ചവടക്കാര്‍ക്കും വിതരണക്കാര്‍ക്കും കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി ലാബില്‍, അവ, കൃഷിവകുപ്പ് മുഖേനയോ ഭക്ഷ്യസുരക്ഷാ വകുപ്പ് മുഖേനയോ പരിശോധന നടത്താവുന്നതാണെന്ന് യോഗത്തില്‍ അറിയിച്ചു. പഴം, പച്ചക്കറികളില്‍ കീടനാശിനികളുടെ അമിതാംശം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിനു കീഴിലുള്ള എറണാകുളം, തിരുവനന്തപുരം ലാബുകളില്‍ ഒരു മാസത്തിനകം സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൃഷിവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ കോബ്രഗഡെ, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ശ്യാം ജഗന്നാഥന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജമീല, കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍ അജിത് കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ഹോര്‍ട്ടിമിഷന്‍ ഡയറക്ടര്‍ ഡോ. കെ പ്രതാപന്‍, ഹോര്‍ട്ടികോര്‍പ്പ് എം ഡി. ഡോ. എം സുരേഷ് കുമാര്‍, കേരഫെഡ് എം ഡി. അശോക് കുമാര്‍, കൃഷിവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വി വി പുഷ്പാംഗതന്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ പി എസ് അനില്‍, റേഷണിംഗ് കണ്‍ട്രോളര്‍ കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Latest