Connect with us

National

അഫ്‌സ്പ: കേന്ദ്രം അന്തിമ തീരുമാനം കൈക്കൊള്ളണം- കാശ്മീര്‍ ഗവര്‍ണര്‍

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം- അഫ്‌സ്പ തുടരുന്നതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന് ഗവര്‍ണര്‍ എന്‍ എന്‍ വോറ. സംസ്ഥാനത്തെ അവസ്ഥ വളരെവേഗം മെച്ചപ്പെട്ട്‌കൊണ്ടിരിക്കുകയാണ്. ” “പ്രശ്‌നബാധിത പ്രദേശങ്ങള്‍” എന്ന വിജ്ഞാപനം തുടരേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. ഇതിന്റെ തുടര്‍ച്ചയെന്നോണം അത്തരം പ്രദേശങ്ങളില്‍ അഫ്‌സ്പ വേണമോയെന്നതിലും തീരുമാനം കൈക്കൊള്ളണം. നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷ സഖ്യ സര്‍ക്കാര്‍ ശക്തമായ രീതിയില്‍ പുനര്‍വിചിന്തനം നടത്തുകയും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക നിയമങ്ങളുടെ ആവശ്യകതയും അര്‍ഹതയും പരിശോധിക്കുകയും വേണം. സംസ്ഥാനത്ത സുരക്ഷാ അന്തരീക്ഷത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തുന്നതിന്, സംസ്ഥാനത്ത് സമാധാനവും സാധാരണ നിലയും ആസ്വദിക്കാന്‍ കഴിയുമെന്ന് സഖ്യസര്‍ക്കാര്‍ ഉറപ്പുവരുത്തും. അതിര്‍ത്തിയിലും കുഗ്രാമങ്ങളിലുമുള്ള ജനങ്ങളുടെ ആശങ്കകള്‍ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സുരക്ഷാ സൈന്യം ഏറ്റെടുത്ത ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണം. വാടകക്ക് നല്‍കിയതാകട്ടെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലൂടെ ഏറ്റെടുത്തതാകട്ടെ ലൈസന്‍സോടെയുള്ളതാകട്ടെ എല്ലാ ഭൂമിയും അതിന്റെ നിയമാനുസൃത ഉടമസ്ഥര്‍ക്ക് കൃത്യമായ സമയപരിധിയില്‍ തിരികെ നല്‍കുന്ന വലിയൊരു ചുവടുവെപ്പ് സര്‍ക്കാര്‍ നടത്തുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
പ്രത്യയശാസ്ത്രമോ മറ്റോ നോക്കാതെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ള കക്ഷികളുമായി സര്‍ക്കാര്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ച നടത്തുമെന്നും ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ പൊതുവായ വിഷയത്തില്‍ വിശാലാര്‍ഥത്തില്‍ സമവായം ലക്ഷ്യമിട്ടാണ് ചര്‍ച്ച. മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയിയുടെ സമീപനങ്ങളാണ് ഇക്കാര്യത്തില്‍ മാതൃകയാക്കുക. “ഇന്‍സാനിയത്, കാശ്മീരിയത്, ജംഹൂരിയത്” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി വാജ്‌പെയി സര്‍ക്കാറിന്റെ കാലത്ത് ചര്‍ച്ച നടത്തിയിരുന്നു. അയല്‍ രാഷ്ട്രങ്ങളുമായി മികച്ച ധാരണ വളര്‍ത്താന്‍ ഈയടുത്ത് കേന്ദ്ര സര്‍ക്കാര്‍ ചില ചുവടുവെപ്പുകള്‍ നടത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ സഖ്യ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും ഗവര്‍ണര്‍ വോറ അറിയിച്ചു.

---- facebook comment plugin here -----

Latest