Connect with us

National

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭക്ക് മുമ്പില്‍ കുടുംബത്തിന്റെ സമരം

Published

|

Last Updated

ബെംഗളൂരു/ ന്യൂഡല്‍ഹി: ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഡി കെ രവിയുടെ ദുരൂഹ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കര്‍ണാടക നിയമസഭക്ക് മുമ്പില്‍ ധര്‍ണ ആരംഭിച്ചു. വിധാന്‍ സഭാ പരിസരത്തെ കെംഗല്‍ ഹനുമാന്‍തയ്യയുടെ പ്രതിമക്ക് മുന്നിലാണ് മാതാപിതാക്കളായ കരിയപ്പ, ഗൗരമ്മ, സഹോദരന്‍ ഡി കെ രമേശ് എന്നിവര്‍ ധര്‍ണ നടത്തുന്നത്. അതേസമയം, സമരം നടത്തുന്ന കുടുംബത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശിച്ചു. സി ഐ ഡി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സി ബി ഐ അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ വ്യക്തമാക്കി. ഇവര്‍ക്കൊപ്പം പൊതുജനങ്ങളുമുണ്ട് പ്രതിഷേധത്തിന്. സമരത്തില്‍ നിന്ന് പിന്‍മാറി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. പിന്നില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടെന്ന് പിതാവ് ആരോപിച്ചു. രവി ആത്മഹത്യ ചെയ്തതാണെന്ന പ്രചാരണം അദ്ദേഹത്തിന്റെ കുടുംബം അംഗീകരിക്കുന്നില്ല. “ഭീഷണികളെ ഒരിക്കലും രവി ഗൗനിച്ചിരുന്നില്ല. കെട്ടിട നിര്‍മാതാക്കളില്‍ നിന്ന് രവിക്ക് കടുത്ത സമ്മര്‍ദമുണ്ടായിരുന്നു” – കരിയപ്പ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം ബി ജെ പി നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് രവിയുടെ മരണം സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ രവിയുടെ മരണം സംബന്ധിച്ച് സി ഐ ഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ അത് പൂര്‍ത്തിയാകുംവരെ കാത്തിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ, സി ബി ഐ അന്വേഷണ ആവശ്യത്തെ പരാമര്‍ശിച്ച് പറഞ്ഞു. അതേസമയം, രവിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുന്ന സി ഐ ഡിയുടെ ഐ ജി പ്രൊണാബ് മൊഹന്തയെ ലോകായുക്തയിലേക്ക് മാറ്റി. ഐ ജി പ്രതാപ് റെഡ്ഢിക്കാണ് പകരം ചുമതല. പെട്ടെന്നുള്ള നടപടിയായിരുന്നു ഇത്.
ഈ അടുത്തകാലത്ത് കര്‍ണാടക കൊമേഴ്‌സ്യല്‍ ടാക്‌സസ് വകുപ്പില്‍ ജോയന്റ് കമ്മീഷണറായി നിയമിതനായ രവി, വന്‍കിട ബില്‍ഡര്‍മാരുടെ നികുതി വെട്ടിപ്പ് തുറന്നുകാണിക്കാന്‍ റെയ്ഡുകള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. 2009 ബാച്ചിലെ ഐ എ എസുകാരനായ രവിയെ കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ ബെംഗളൂരുവിലെ താമസസ്ഥലത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കര്‍ണാടകയിലെ കോലാറില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ അനധികൃത ഭൂമികയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടതിലൂടെ രവി ഏറെ ജനപ്രിയനായിരുന്നു. കോലാര്‍ ജില്ലയില്‍ ചൊവ്വാഴ്ച രവിയുടെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ചും പൊതുജനങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

Latest