Connect with us

National

'വന്ദേ മാതരം' മുഴക്കാത്തവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ല: സാധ്വി പ്രാച്ചി

Published

|

Last Updated

ലക്‌നോ: “ഭാരത് മാതാ കി ജയ്”, “വന്ദേ മാതരം” എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാത്തവര്‍ക്കും പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ബി ജെ പിയുടെ ലോക്‌സഭാംഗം സാധ്വി പ്രാച്ചി. ഉത്തര്‍ പ്രദേശിലെ ബഹറൈക്കില്‍ നടന്ന മത പരിപാടിക്കിടെയാണ് പരിവാര്‍ നേതാവ് വിവാദ പ്രസ്താവന നടത്തിയത്.
ഭാരത് മാതാ കി ജയ്, വന്ദേ മാതരം എന്നിവ വിളിക്കാത്തവര്‍ ദേശീയ പതാകയെ നിന്ദിക്കുകയാണ്. ഇക്കൂട്ടര്‍ക്കും പശുവിനെ അറുക്കുന്നവര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. മതവിശ്വാസം കണക്കിലെടുക്കാതെ അവരുടെ വോട്ടവകാശം പിന്‍വലിക്കണം. സാധ്വി പ്രാച്ചി പറഞ്ഞു. നേരത്തെ, ഹിന്ദു സ്ത്രീകള്‍ക്ക് നാല് കുട്ടികളെങ്കിലും വേണമെന്ന് പറഞ്ഞ് പുലിവാല് പിടിച്ചിരുന്നു അവര്‍. മറ്റ് സമുദായങ്ങളിലെ പോലെ 40 പട്ടിക്കുട്ടികളല്ല, ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നാണ് സാധ്വി പ്രാച്ചി പറഞ്ഞത്.
നേരത്തെ ബോളിവുഡിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും സംഘര്‍ഷ സംസ്‌കാരം വളര്‍ത്തുന്നവരാണെന്നും യുവാക്കള്‍ അവരുടെ സിനികള്‍ കാണരുതെന്നും പ്രാച്ചി പറഞ്ഞിരുന്നു. മീറത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഒരു കുട്ടിയോട് താന്‍ ചോദിച്ചു, മുതിര്‍ന്നാല്‍ ആരാകണമെന്ന്. കുട്ടി പറഞ്ഞത് ഷാരൂഖ് ഖാനാകണമെന്നാണ്. നല്ല സ്റ്റണ്ട് നടത്തുന്നവരാണ് അവരെന്നാണ് കുട്ടി കാരണം പറഞ്ഞത്. ഈ നടന്‍മാര്‍ സംഘര്‍ഷമാണ് പ്രചരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലും ഇത് കാണാം. ഇവര്‍ ലവ് ജിഹാദിന്റെ വക്താക്കളാണെന്നും സാധ്വി വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പറഞ്ഞിരുന്നു.