സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഏകപക്ഷീയമാകരുത്

Posted on: March 19, 2015 6:00 am | Last updated: March 18, 2015 at 10:36 pm
SHARE

SIRAJ.......സ്ത്രീധന പീഡന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണ്. ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമത്തില്‍ സമൂലമാറ്റം വേണമെന്നു സംസ്ഥാന സര്‍ക്കാറുകളും വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നതാണ്. സ്ത്രീധനത്തിന്റെ പേരില്‍ രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും ദുരിതങ്ങളും തടയാന്‍ കൊണ്ടുവന്ന നിയമത്തിന്റെ ദുരുപയോഗം മൂലം ശിക്ഷിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന നിരപരാധികള്‍ അസംഖ്യമാണ്.
സ്ത്രീധന പീഡനം രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണെന്നതില്‍ രണ്ടുപക്ഷമില്ല. മാതാപിതാക്കള്‍ പെണ്‍കുട്ടികളോട് കാണിക്കുന്ന വാത്സല്യവും സ്‌നേഹവും മുതലെടുത്ത് അവരുടെ സമ്പാദ്യം പരമാവധി പിടിച്ചുപറ്റാന്‍ ഒരുമ്പെടുന്ന മനുഷ്യപ്പറ്റില്ലാത്ത ഭര്‍ത്താക്കന്മാരുടെയും ഭര്‍തൃവീട്ടുകാരുടെയും ഇടയില്‍ ജീവിതം നരകതുല്യമായി മാറിയ സ്ത്രീകള്‍ അനേകമുണ്ട്. 2007-2011 കാലയാളവിലായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ സര്‍വേ പ്രകാരം സ്ത്രീധനത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഓരോ മണിക്കുറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ഭര്‍ത്താക്കന്മാരും ഭര്‍തൃവീട്ടുകാരും വിവാഹത്തെ കച്ചവടമായി കാണുന്ന ഈ പ്രവണത തടയേണ്ടതുതന്നെ. എന്നാല്‍ ഇതിനായി ആവിഷ്‌കരിച്ച 1961ലെ സ്ത്രീധനനിരോധ നിയമവും ഗാര്‍ഹിക പീഡനനിയമം പോലുള്ള അനുബന്ധ നിയമങ്ങളും ഏകപക്ഷീയവും അതീവ കര്‍ക്കശവുമാണെന്ന് നിയമ വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
മറ്റെല്ലാ കുറ്റകൃത്യങ്ങളിലും പരാതിക്കാര്‍ കുറ്റം തെളിയിക്കുകയും അത് തെളിയും വരെ ആരോപിതനെ നിരപരാധിയായി പരിഗണിക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. അതാണ് നീതിയും. എന്നാല്‍ ഗാര്‍ഹിക പീഡനവിരുദ്ധ നിയമ പ്രകാരം തെളിവൊന്നും ഹാജരാക്കാതെ ഒരു സ്ത്രീ, പോലീസ് ഉദ്യോഗസ്ഥനോ മജിസ്‌ട്രേറ്റിനോ മുമ്പാകെ പരാതിഎഴുതി നല്‍കിയാല്‍ കുറ്റാരോപിതരെ ഉടനെ അറസ്റ്റ് ചെയ്യാമെന്നാണ് ചട്ടം. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ആരോപിതനാണ് തെളിയിക്കേണ്ടത്. അതുവരെ നിയമവും സമൂഹവും അയാളെ കുറ്റവാളിയായി കാണുന്നു. പരാതി സത്യമോ വ്യാജമോ എന്ന് നിയമപാലകര്‍ക്ക് അന്വേഷിക്കേണ്ടതില്ല. ‘ആദ്യം അറസ്റ്റ്,അന്വേഷണം പിന്നീട്’ എന്നതാണിവിടെ നടപടിക്രമം. ഈ വ്യവസ്ഥയെ രുക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി ജുഗുപ്‌സാവഹമെന്നാണ് കഴിഞ്ഞ ഏപ്രിലില്‍ അതിനെ വിശേഷിപ്പിച്ചത്. ഇത്തരം പരാതികളില്‍ പോലീസ് ഹാജരാക്കുന്ന പ്രതികളെ മുന്‍പിന്‍ നോക്കാതെ റിമാന്റ് ചെയ്യുന്ന കോടതികളുടെ നടപടിയും പരമോന്നത കോടതിയുടെ വിമര്‍ശത്തിന് വിധേയമായി. പരാതി ലഭിച്ച ഉടന്‍ തന്നെ ഈ വകുപ്പുപ്രകാരം കേസെടുക്കരുതെന്നും അറസ്റ്റ് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ നടപടികളുമായി മുന്നോട്ടുപോകാവൂ എന്നും പോലീസിന് നിര്‍ദേശം നല്‍കാനും സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെടുകയുണ്ടായി. ബംഗളൂരു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഒരു ഉത്തരവിലും സ്ത്രീപീഡന നിരോധ നിയമത്തിലെ സ്ത്രീപക്ഷ വ്യവസ്ഥകളുടെയും തെളിവ് നിയമത്തില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന 114 (എ) ചട്ടത്തിന്റെയും സാധുത ചോദ്യം ചെയ്യുന്നുണ്ട്.
സ്ത്രീധന പീഡന നിയമത്തിലെ 498 എ വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഭാര്യയെയോ മരുമകളെയോ മാനസികമോ ശാരീരികമോ ആയ പീഡനത്തിനു വിധേയമാക്കുതിനു ശിക്ഷ വിധിക്കുന്ന ഈ വകുപ്പ്, നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ഭാര്യമാരും കുടുംബങ്ങളും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പ്രയോഗിക്കുന്നുണ്ട്. സ്ത്രീയുടെ സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ടു ഉടലെടുക്കുന്ന അസ്വാരസ്യത്തിനു വരെ, സ്ത്രീധന പീഡന നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭര്‍ത്താവിനെയും ബന്ധുക്കളെയും കേസില്‍ കുടുക്കുന്ന പ്രവണതയും സാര്‍വത്രികമാണ്. ഇതിന് അറുതിവരുത്താന്‍ വ്യാജ പരാതികള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്. സ്ത്രീയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ 1000 രൂപ മാത്രമാണ് നിലവിലുള്ള പിഴ. ഇത് 15,000 ആക്കി ഉയര്‍ത്താനാണ് നിര്‍ദേശം. ദേശീയ ലോ കമ്മീഷന്‍ ഒരു ചോദ്യാവലിയിലൂടെ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി പൊതുജനാഭിപ്രായം തേടിയിരുന്നു. ഇതിന് ലഭിച്ച സ്വീകാര്യമായ പ്രതികരണങ്ങളും പരിഗണിക്കും. സ്ത്രീധന പീഡന കേസുകളുടെ വിചാരണയുടെ തുടക്കത്തില്‍ തന്നെ ദമ്പതികള്‍ക്കിടയില്‍ അനുരജ്ഞനമുണ്ടാക്കി പ്രശ്‌നപരിഹാരം സാധ്യമാക്കാനുള്ള വ്യവസ്ഥ ഭേദഗതിയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിക്കുകയുണ്ടായി. തുടക്കത്തിലേ അനുരജ്ഞനത്തിന്റെ പാതയിലേക്ക് നീങ്ങിയാല്‍ പരിഹരിക്കാകുന്നതാണ് കുടുംബ തര്‍ക്കങ്ങളിലേറെയും. നിലവില്‍ കോടതികളില്‍ അദാലത്തുകള്‍ നടത്തപ്പെടുന്നുണ്ടെങ്കിലും അത് കേവലമൊരു ചടങ്ങായി മാറിയിരിക്കുകയാണ്. അദാലത്തുകളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതുള്‍പ്പെടെ ഒത്തുതീര്‍പ്പുകള്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായാല്‍ കേസുകളുടെ വര്‍ധന മൂലം പ്രയാസപ്പെടുന്ന കോടതികള്‍ക്കും അത് ആശ്വാസകമാകും.