Connect with us

Articles

പിന്നെ എന്താണ് ഇസ്‌റാഈല്‍ പോളിംഗ് ബൂത്തില്‍ സംഭവിച്ചത്?

Published

|

Last Updated

ഇസ്‌റാഈല്‍ പാര്‍ലിമെന്റായ െനസറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ആ രാജ്യം ഏത് സഖ്യം ഭരിക്കും എന്നത് പുറം ലോകത്തെ സംന്ധിച്ച് വലിയ പ്രസക്തിയുള്ള ചോദ്യമല്ല. ഏത് നിലപാടാണ് മുന്നേറിയത് എന്നത് മാത്രമാണ് ചോദ്യം. ഇത്തവണത്തെ പോലെ നിലപാട് വ്യത്യാസം പ്രകടമായതിനാല്‍ വിശേഷിച്ച്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇസ്‌റാഈലില്‍ ഒറ്റക്കക്ഷിയോ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമോ അപ്പടി അധികാരത്തില്‍ വന്നിട്ടില്ല. വോട്ടെടുപ്പിന് ശേഷം രൂപപ്പെടുന്ന വിചിത്ര സഖ്യങ്ങളാണ് അവിടെ അധികാരം കൈയാളാറുള്ളത്. അത് ഒട്ടും ആദര്‍ശപരമാകാറില്ല. ഉദാഹരണത്തിന് 1984ല്‍ ശിമോണ്‍ പെരസും യിറ്റ്‌ഴാക് ഷാമിറും വിരുദ്ധചേരില്‍ നിന്ന് ഏറ്റുമുട്ടിയവരായിരുന്നു. ഇവരെ രണ്ട് പേരെയും ജനം പുറത്ത് നിര്‍ത്തി. എന്നിട്ട് എന്ത് കാര്യം? രണ്ട് പേരും വോട്ടെടുപ്പാനന്തരം സഖ്യമായി പ്രസിഡന്റിനെ സമീപിച്ചു. ഇരുവരും പ്രധാനമന്ത്രിപദം പപ്പാതിയായി ഊഴം വെച്ച് പങ്കിട്ടു.
അതുകൊണ്ട് ഇന്നലെ പുറത്ത് വന്ന ഫലം ബെഞ്ചമിന്‍ നെതന്യാഹുവിന് വ്യക്തമായ ജനസമ്മതി നല്‍കുന്നില്ലെങ്കിലും ഇത്തരം കുതന്ത്രങ്ങളിലൂടെ അദ്ദേഹം തന്നെ അധികാരത്തിലേറിയേക്കാം. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 30 സീറ്റും ഇസാക് ഹെര്‍സോഗ് നേതൃത്വം നല്‍കുന്ന മധ്യ- ഇടതുപക്ഷ സഖ്യത്തിന് 24 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. 120 സീറ്റുള്ള നെസറ്റില്‍ ഇവര്‍ രണ്ട് പേര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലെന്നര്‍ഥം. എന്നിട്ടും നെതന്യാഹു വിജയം പ്രഖ്യാപിച്ചു കഴിഞ്ഞു. ആഘോഷവും തുടങ്ങി.
ജനവിരുദ്ധ ഭരണാധികാരികള്‍ക്ക് വന്‍ മാധ്യമ പിന്തുണ ലഭിക്കുകയെന്നത് ഇന്ന് ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ട്. കോര്‍പറേറ്റ് ശക്തികളുടെ കൈയിലെ ആയുധം മാത്രമായി മാധ്യമങ്ങള്‍ അധഃപതിച്ചതിന്റെ ദുരന്തമാണ് അത്. ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ മൂന്ന് ഊഴം ഇസ്‌റാഈല്‍ പ്രധാനമന്ത്രിപദത്തില്‍ നിലകൊണ്ടത് ഈ പിന്തുണ ഉപയോഗിച്ചായിരുന്നു. ഇത്തവണ പക്ഷേ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നതിന്റെ സൂചനകള്‍ നേരത്തേ തന്നെ പുറത്ത് വന്നതാണ്. പതിവിന് വിപരീതമായി അദ്ദേഹം മാധ്യമങ്ങളെ ഭയന്നു. സംവാദങ്ങളെ പരമാവധി ഒഴിവാക്കി. നേരിട്ടുള്ള പ്രചാരണ സമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വെട്ടിച്ചുരുക്കി. അന്‍പത് ദിവസം ഇടതടവില്ലാതെ ഗാസാചീന്തിന് മേല്‍ മരണം വിതച്ചപ്പോഴും ആ തേര്‍വാഴ്ചയില്‍ തകര്‍ന്നടിഞ്ഞ ഗാസക്കാരുടെ കുടിവെള്ളം മുട്ടിക്കുന്ന ക്രൂരവിനോദങ്ങള്‍ അരങ്ങേറിയപ്പോഴും അദ്ദേഹത്തെ വാഴ്ത്തിയവരാണ് ഇസ്‌റാഈലിലെ മുഖ്യധാരാ മാധ്യമങ്ങള്‍. അപ്പോഴെല്ലാം ഇസ്‌റാഈലിന് അകത്ത് നിന്ന് ഉയര്‍ന്നുവന്ന എതിര്‍സ്വരങ്ങള്‍ പുറം ലോകത്തെത്തിക്കാതെ നോക്കാന്‍ മാധ്യമ- സര്‍ക്കാര്‍ കൂട്ടുകെട്ടിന് സാധിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്, കഴിഞ്ഞ ആഴ്ച ടെല്‍അവീവിലെ റബീന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ “ഡൗണ്‍, ഡൗണ്‍ നെതന്യാഹു” എന്ന് ആര്‍ത്തു വിളിച്ചപ്പോള്‍ ആ ശബ്ദം പുറത്തെത്തുക തന്നെ ചെയ്തു. സത്യത്തില്‍ ആ റാലി അകത്ത് നീറിപ്പുകയുന്നതിന്റെ നിദര്‍ശനമായിരുന്നു. ഇസ്‌റാഈല്‍ എന്ന വന്‍കിട ആണവ, സൈനിക രാഷ്ട്രത്തിലെ സാമ്പത്തിക സൂചകങ്ങള്‍ പിന്‍മടക്കത്തിലായിരുന്നു. വിദ്വേഷവ്യാപനത്തില്‍ ശ്രദ്ധിക്കുന്ന ഭരണാധികാരികള്‍ക്ക് സമ്പദ്‌വ്യവസ്ഥക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍ ശ്രദ്ധിക്കാന്‍ നേരമുണ്ടായിരുന്നില്ല. ഈ നൗകക്ക് തുള വീണുകൊണ്ടിരിക്കുന്നു എന്ന നിലവിളികള്‍ തീവ്രവലതുപക്ഷ പോര്‍വിളികള്‍ക്കിടയില്‍ മുങ്ങിപ്പോകുകയായിരുന്നു.
ലേബര്‍ പാര്‍ട്ടിയെ നയിച്ച ഇസാക് ഹെര്‍സോഗ് മുന്നോട്ടുവെച്ചത് ഇത്തരം ജീവിത ഗന്ധിയായ പ്രശ്‌നങ്ങളായിരുന്നു. മധ്യ- ഇടതു സഖ്യമെന്ന് വിളിക്കപ്പെടുന്ന സിയോണിസ്റ്റ് യൂനിയനിലെ പ്രബല കക്ഷിയെന്ന നിലയില്‍ ലേബര്‍ പാര്‍ട്ടി ചിട്ടയായ പ്രചാരണമാണ് നടത്തിയത്. നെതന്യാഹു സര്‍ക്കാറിന്റെ പരാജയങ്ങള്‍ തുറന്ന് കാണിക്കാന്‍ ഹെര്‍സോഗിന് സാധിച്ചിട്ടുമുണ്ട്. പാര്‍പ്പിട പ്രശ്‌നം, കുതിച്ചുയരുന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ, അമിതമായ സൈനികച്ചെലവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ഹെര്‍സോഗിന്റെ പ്രതിച്ഛായ കുത്തനെ ഉയര്‍ന്നിരിക്കുന്നുവെന്നും നെതന്യാഹുവിന്റെ കൊടിപ്പട താഴുന്നുവെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ഒന്നല്ല നിരവധി പ്രവചനങ്ങള്‍. ഇസ്‌റാഈല്‍ ജനതയുടെ അടിസ്ഥാനപരമായ ആശങ്കകള്‍ ഭരണകൂടം നിരന്തരം പ്രചരിപ്പിക്കുന്ന “സുരക്ഷ” യല്ല, മറിച്ച് തൊഴിലും കൂലിയും ഭക്ഷണവുമാണെന്ന നിലപാട്തറയില്‍ നിന്നായിരുന്നു ഈ പ്രവചനങ്ങളെല്ലാം നടന്നിരുന്നത്. എക്‌സിറ്റ് പോളുകളെ അടച്ച് ആക്ഷേപിക്കുന്നതിന് പകരം, ജനങ്ങള്‍ക്ക് ഇത്തരം ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നതിന്റെ പ്രതിഫലനമായിരുന്നു അവയെന്ന് വിലയിരുത്തുന്നതാകും ശരി. പിന്നെ എന്താണ് സംഭവിച്ചത്? ഇസ്‌റാഈല്‍ ജനതയുടെ ആശങ്കകള്‍ എങ്ങനെയാണ് പോളിംഗ് ബൂത്തില്‍ ഒഴുകിപ്പോയത്? എങ്ങനെയാണ് ബെഞ്ചമിന്‍ നെതന്യാഹു നില മെച്ചപ്പെടുത്തുന്നതിലേക്ക് എത്തിയത്?
ഉത്തരങ്ങള്‍ അല്‍പ്പം ആശങ്കാജനകമാണ്. തീവ്രവലതുപക്ഷ അജന്‍ഡകള്‍ ജനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഹിറ്റ്‌ലറും മുസ്സോളിനിയും നേടിയ വിജയമാണ് ഈ പ്രവണതയുടെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ മാതൃക. ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യയില്‍ നരേന്ദ്ര മോദി നേടിയ കൂറ്റന്‍ വിജയവും ഇതേ ധാരയില്‍ വരുന്നു. ഇത്തരക്കാര്‍ ഒരു ജനകീയ പ്രശ്‌നവും ഉന്നയിക്കുന്നില്ല. അവരുടെ പ്രചാരണങ്ങള്‍ അത്യന്തം വൈകാരികമായിരിക്കും. മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളല്ല അവരുടെ മുന്‍ഗണന. മറിച്ച് രാഷ്ട്രമാണ്. രാഷ്ട്രത്തിന്റെ ഉത്കൃഷ്ടതയാണ് വിഷയം. മിഥ്യാ ഭയം സൃഷ്ടിക്കുന്നു അവര്‍. മിഥ്യാഭിമാനവും. കുലവും നിറവും വംശവും മതവും ജാതിയുമൊക്കെ ഈ ഭയ, മാന സൃഷ്ടിക്കായി ഉപയോഗിക്കപ്പെടുന്നു. അതിനായി നുണകളും അര്‍ധസത്യങ്ങളും ഉപയോഗിക്കും. പുതിയ ശത്രുക്കളെ സൃഷ്ടിക്കും. ചരിത്രം വളച്ചൊടിക്കും.
നെതന്യാഹു അത് തന്നെയല്ലേ ചെയ്തത്? ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ചക്ക് മുന്‍കൈയെടുത്തയാളായിരുന്നു നെതന്യാഹു. ഹമാസിനെ തള്ളിപ്പറയാന്‍ അദ്ദേഹം ഉന്നയിച്ച പ്രധാന ആരോപണം അവര്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്നില്ല എന്നതായിരുന്നു. ഇസ്‌റാഈലിന്റെയും ഫലസ്തീനിന്റെയും നിലനില്‍പ്പാണ് തന്റെ നയമെന്ന് പ്രഖ്യാപിച്ചിരുന്നു നെതന്യാഹു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അദ്ദേഹം കളം മാറ്റി തുടങ്ങി. ഫലസ്തീനുമായി ചര്‍ച്ചക്ക് നേതൃത്വം നല്‍കിയിരുന്ന നിയമമന്ത്രിയും സഖ്യകക്ഷിയായ ഹത്‌നുവ പാര്‍ട്ടിയുടെ നേതാവുമായ സിപ്പി ലിവ്‌നിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് ഇതിന്റെ ഭാഗമായിരുന്നു. (ഈ സിപ്പി ലിവ്‌നി ഇത്തവണ പ്രതിപക്ഷ സഖ്യമായ സയണിസ്റ്റ് യൂനിയനോടൊപ്പമാണ്). ഹമാസും അബ്ബാസിന്റെ ഫതഹും കൈകോര്‍ത്തപ്പോള്‍ നെതന്യാഹുവിന്റെ കളം മാറ്റം പൂര്‍ണമായി. ഹമാസ് മിതവാദത്തിന്റെ പ്രായോഗികതയിലേക്ക് മാറിയിട്ടും അവരെ ചൂണ്ടി ഇതാ “ഇസ്‌റാഈല്‍ അപകട”ത്തില്‍ എന്ന് നെതന്യാഹു ഭരണകൂടം ആക്രോശിക്കാന്‍ തുടങ്ങി. ഗാസയില്‍ അദ്ദേഹം നടത്തിയ കൂട്ടക്കുരുതി ഈ പ്രചാരണത്തിന് നിറം പകരാനായിരുന്നു. തന്റെ ഭരണപരാജയം ചര്‍ച്ചയാകാന്‍ തുടങ്ങിയതോടെ കടുത്ത നിലപാടിലേക്ക് അദ്ദേഹം നീങ്ങുകായിരുന്നു. ഏറ്റവും ഒടുവില്‍, തിരഞ്ഞെടുപ്പിന്റെ തലേ ദിവസം അദ്ദേഹം പ്രഖ്യാപിച്ചത് ഫലസ്തീന്‍ എന്ന രാഷ്ട്രം നിലവില്‍ വരാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ്. ചര്‍ച്ചാ നാടകങ്ങളില്‍ ഇരുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇപ്പോള്‍ എന്ത് പറയുമോ ആവോ. കെറി പ്ലാനിന്റെ അടിത്തറയിളക്കിയാണ് നെതന്യാഹു വിജയം കുഴിച്ചെടുത്തിരിക്കുന്നത്. സ്വന്തമായി ആയുധമോ സൈന്യമോ അതിര്‍ത്തികളോ ഇല്ലാത്ത ഒരു ജനത ലോകത്തെ ഒന്നാം നമ്പര്‍ ശക്തികളുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിയുന്ന ഒന്നാം നമ്പര്‍ സൈനിക ശക്തിക്ക് ഭീഷണിയാകുന്നുവെന്ന പെരും നുണ പോലും ഒരു തിരഞ്ഞെടുപ്പ് ഗോദയില്‍ ലക്ഷണമൊത്ത ആയുധമാകുന്നുവെങ്കില്‍ ആലോചിച്ചു നോക്കൂ, തീവ്രവലതുപക്ഷ വൈകാരിക പ്രചാരണം എത്ര മാരകമായാണ് ജനങ്ങളെ സ്വാധീനിക്കുന്നത്!.
ഇറാന്റെ “ബോംബാ”യിരുന്നു നെതന്യാഹുവിന്റെ രണ്ടാമത്തെ ആയുധം. എന്ന് തുടങ്ങിയ പ്രചാരണമാണ് ഇത്? ആണവ വിഷയത്തില്‍ ഇറാനുമായി അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ കരാറിലെത്താന്‍ പോകുന്നുവെന്ന വാര്‍ത്ത അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു ക്ഷണം തരപ്പെടുത്തി, അവിടെച്ചെന്ന് ഇറാനെ ആക്രമിക്കുകയാണ് നെതന്യാഹു ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റിനെയും അദ്ദേഹം വെറുതെ വിട്ടില്ല. ഇസ്‌റാഈലിനെ ചുട്ടുചാമ്പലാക്കാനുള്ള ആണവ ബോംബുണ്ടാക്കാന്‍ കളമൊരുക്കുകയാണ് ഒബാമയെന്ന് അദ്ദേഹം ആക്രോശിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ യു എസ് കോണ്‍ഗ്രസില്‍ നടത്തിയ കവല പ്രസംഗം പോലും ഇസ്‌റാഈല്‍ ജനതയെ വൈകാരികമായി സ്വാധീനിച്ചുവെന്ന് വേണം ഈ വോട്ടിംഗ് പാറ്റേണിന് മുന്നിലിരിക്കുമ്പോള്‍ വിലയിരുത്താന്‍. ഓര്‍മകള്‍ ഉണ്ടായിരിക്കുകയാണ് ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമെന്നത് എത്ര കൃത്യമാണ്. നെതന്യാഹുവിന് മൂന്നാമൂഴം നല്‍കിയ തിരഞ്ഞെടുപ്പിന്റെ തലേന്നും ഇതു തന്നയല്ലേ പറഞ്ഞത്. ഇതാ ഒരു മാസത്തിനകം ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ പോകുന്നു!
ഇത്തവണ ചരിത്രത്തിലാദ്യമായി അറബ് പൗരന്‍മാരുടെ കക്ഷികളെല്ലാം ചേര്‍ന്ന് ജോയിന്റ്‌ലിസ്റ്റ് എന്ന പേരില്‍ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടത് പോലും ഭീതി നിര്‍മാണ വ്യവസായത്തില്‍ അസംസ്‌കൃത വസ്തുവായിട്ടുണ്ട്. ഫല്‌സ്തീനെ പിന്തുണച്ച് ഹെര്‍സോഗും സംഘവും രംഗത്ത് വന്നതും വിനയായിരിക്കാം. രാഷ്ട്രമില്ലാത്ത ജനതക്ക് കുടിയിരിക്കാന്‍ ഇടം നല്‍കിയ ഒരു ജനത ഇത്തിരി മണ്ണിനായി കൈനീട്ടി നില്‍ക്കുമ്പോള്‍ അവരെ കരുണാപൂര്‍വം നോക്കുന്നവരെ പോലും തോല്‍പ്പിക്കുന്ന ഇസ്‌റാഈല്‍ ജനതയുടെ മനോഘടന എത്ര ഭീകരമാണ്? സുരക്ഷാ രാഷ്ട്രം എന്നത് എത്ര മാരകമായ ആശയമാണ്? ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാക് വിരോധം മതി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയാല്‍ മതി. മുസ്‌ലിം വിദ്വേഷം പരത്തിയാല്‍ മതി. വര്‍ഗീയ കലാപം മതി. (ന്യൂനപക്ഷ അനുകൂല നിലപാടുകളാണ് തങ്ങളെ തോല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നുവല്ലോ) ഇസ്‌റാഈലില്‍ അത് ഫലസ്തീനും ഇറാനുമാണെന്നേ ഉള്ളൂ. ഹിറ്റ്‌ലര്‍ക്ക് അത് ജൂത വിരോധവും.
ഇതു കൂടി: ചരിത്രം ആര്‍ക്കൊക്കെ എന്താണ് കരുതിയിരിക്കുന്നത് എന്ന് ആര്‍ക്കറിയാം. ഏരിയല്‍ ഷാരോണ്‍ ഇപ്പോള്‍ എവിടെയാണ്? അദ്ദേഹത്തിന്റെ പാര്‍ട്ടി കദിമ എന്നൊന്നുണ്ടോ ഇപ്പോള്‍?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്