Connect with us

International

ടുണീഷ്യന്‍ പാര്‍ലിമെന്റിന് സമീപം വെടിവെപ്പ്; 19 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ടുണിസ്: ടുണീഷ്യന്‍ പാര്‍ലിമെന്റിന് സമീപമുണ്ടായ വെടിവെപ്പില്‍ 17 വിദേശ വിനോദ സ ഞ്ചാരികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് ടുണീഷ്യന്‍ പ്രധാനമന്ത്രി ഹബീബ് എസ്സിദ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസ് ഓഫീസറാണ്. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആയുധധാരികളായ അക്രമികള്‍ നിരവധി പേരെ ബന്ദിയാക്കിയതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടുണീഷ്യന്‍ പാര്‍ലിമെന്റിന് സമീപത്തുള്ള ബാര്‍ദോ മ്യൂസിയത്തിലാണ് വെടിവെപ്പ്. ഭീകരവിരുദ്ധ നിയമം സംബന്ധിച്ച് പാര്‍ലിമെന്റില്‍ ചര്‍ച്ച നടന്നുവരുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പാര്‍ലിമെന്റ് സമുച്ചയത്തില്‍ നിന്ന് അംഗങ്ങളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.
ആക്രമണം നടക്കുമ്പോള്‍ മ്യൂസിയത്തിനകത്ത് ഇരുനൂറോളം പേരുണ്ടായിരുന്നു. മ്യൂസിയത്തില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബന്ദിയാക്കപ്പെട്ടവര്‍ ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കരുതുന്നത്. നടന്നത് ഭീകരാക്രമണണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മുഹമ്മദ് അലി അരുഇ പ്രാദേശിക റേഡിയോ ചാനലില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍, മരിച്ചവരുടെ രാജ്യത്തെ കുറിച്ച് പ്രസ്താവനയില്‍ അദ്ദേഹം സൂചനകള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല. പിന്നീട് പ്രധാനമന്ത്രിയാണ് മരിച്ചവരുടെ ദേശീയത വ്യക്തമാക്കിയത്.
തോക്കുധാരികളായ മൂന്ന് പേര്‍ മ്യൂസിയത്തിനകത്ത് പ്രവേശിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. വെടിവെപ്പിന് ശേഷം സുരക്ഷാ സൈനികരെത്തി കുറേയാളുകളെ സുരക്ഷിതരായി പുറത്തെത്തിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ പേര്‍ മ്യൂസിയത്തിനകത്ത് ബന്ധിയാക്കപ്പെട്ടിരിക്കുന്നതായാണ് വിവരം.
ആക്രമണ സമയത്ത് മ്യൂസിയത്തിന് മുകളില്‍ കൂടി ആക്രമണ സജ്ജമായ ഹെലിക്കോപ്ടര്‍ പറക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പാര്‍ലിമെന്റിനും മ്യൂസിയത്തിനും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തെ കുറിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് അപലപിച്ചു.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാര്‍ദോ മ്യൂസിയത്തില്‍ പുരാവസ്തുക്കളുടെ വലിയ ശേഖരമാണുള്ളത്. ടുണീഷ്യയുടെ സമ്പദ്ഘടനയില്‍ പ്രധാന വരുമാന മാര്‍ഗമായാണ് വിനോദ സഞ്ചാര മേഖലയെ കണക്കാക്കുന്നത്. നിരവധി യൂറോപ്യന്‍ സഞ്ചാരികളാണ് ടുണീഷ്യയില്‍ വിനോദ സഞ്ചാരികളായെത്തുന്നത്.
2002ല്‍ ടുണീഷ്യയില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ 11 ജര്‍മന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖാഇദ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
map tun copy