Connect with us

Eranakulam

യൂനിയന്‍ തിരഞ്ഞെടുപ്പ് രീതി കോളജുകള്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കേരളത്തിലെ വിവിധ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ നടത്തുന്ന സ്റ്റുഡന്റ്‌സ് യൂനിയന്‍ തിരഞ്ഞെടുപ്പ് ഏത് രീതിയില്‍ നടത്തണമെന്നത് ഹരജിക്കാരായ കോളജുകള്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. കോളജ് യൂനിയന്‍ ഇലക്ഷന്‍ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തന്നെ നടത്തണമെന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നിലമ്പൂര്‍, പാലക്കാട്, ശ്രീ വിവേകാനന്ദ പഠനകേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ അഡ്വ. ജസ്റ്റിന്‍ മാത്യു മുഖേന നല്‍കിയ ഹരജി ഉള്‍പ്പടെയുള്ള ഒരു കൂട്ടം ഹരജികളില്‍ തീര്‍പ്പുകല്‍പ്പിച്ചാണ് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.
തങ്ങളുടെ കോളജുകളില്‍ പാര്‍ലമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്ന് ഹരജിക്കാര്‍ വാദിച്ചു. സുപ്രീം കോടതിയുടെ വിധിപ്രകാരം ജെ എം ലിഗ്‌ദോ കമ്മിറ്റി നിര്‍ദേശിച്ച നാലു രീതികളില്‍ ഏതെങ്കിലും ഒന്നു പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിന് കോളജുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തില്‍ ലിംഗ്‌ദോ കമ്മിറ്റി നിര്‍ദേശിക്കുന്ന നാലു രീതികളില്‍ ഏതെങ്കിലും ഒരു രീതിയില്‍ ഹരജിക്കാര്‍ക്ക് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നടത്താമെന്നും ഇത് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.