പുകച്ചു തള്ളുന്നവര്‍ ജാഗ്രതൈ; ഒരു വര്‍ഷം പുകയില മൂലം മരിക്കുന്നത് 60 ലക്ഷം പേര്‍

Posted on: March 18, 2015 11:07 pm | Last updated: March 18, 2015 at 11:07 pm
SHARE

smokeഅബൂദാബി: പുകയില ഓരോ വര്‍ഷവും അറുപത് ലക്ഷം ആളുകളെ കൊല്ലുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍. ഇതില്‍ കൂടുതല്‍ പേരും മരണപ്പെടുന്നത് ക്യാന്‍സര്‍ പോലോത്ത രോഗങ്ങളിലൂടെയാണ്. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പുകവലി കാരണമായി ഒരു ലക്ഷം കോടി ആളുകള്‍ മരണമടയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ”നിങ്ങള്‍ ഇത് കണക്ക് കൂട്ടുകയാണെങ്കില്‍, ലോകത്ത് പുകയില കാരണമായി ഓരോ സെക്കന്റിലും ഓരോരുത്തര്‍ മരണമടയുന്നുവെന്നാണ് ഇതിനര്‍ത്ഥം” ലോക ആരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ വിഭാഗം തലവന്‍ എഡ്വാഡ് ഡി എസ്‌പൈനെറ്റ് പറഞ്ഞു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ‘പുകയില അല്ലെങ്കില്‍ ആരോഗ്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പതിനാറാമത് ലോക സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രതിനിധികള്‍ അബൂദാബിയില്‍ എത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇത് ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച തുടങ്ങി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രസ്തുത സമ്മേളനം ഇലക്‌ട്രോണിക് സിഗരറ്റ് ഉള്‍പെടെ പുകവലിക്കായി പുതുതായി കണ്ടെത്തുന്ന എല്ലാതരം പുകയില ഉത്പന്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. പാശ്ചാത്യലോകത്ത് പുകവലിക്കാരുടെ എണ്ണം കുറയുന്നുവെങ്കിലും ഈ നൂറ്റാണ്ടിനിടയില്‍ സംഭവിക്കുമെന്ന് കണക്കാക്കിയ ഒരു ലക്ഷം കോടി മരണസംഖ്യ കുറക്കാന്‍ പര്യപ്തമായ വിധത്തില്‍ എണ്ണം ചുരുങ്ങുന്നില്ല എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
സിഗരറ്റിന് ചുമത്തിയ അമിത നികുതി, പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധം, ശക്തമായ പുകയിലവിരുദ്ധ ക്യാംപയിനുകള്‍ തുടങ്ങിയവ കാരണം യൂറോപ്പിലും അമേരിക്കയിലും പുകയില ഉപയോഗം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പുകവലിക്കാരുടെ എണ്ണം അധികരിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ 30 ശതമാനവും ഇവിടെ പുകവലിക്കാരാണ്. ‘വെള്ളിയുടെ പുകയിലക്കോപ്പയില്‍ സിഗരറ്റ് വെച്ച് വൃത്തയായി പൊതിഞ്ഞ് ചോക്ലേറ്റ് പോലെ അതിഥികള്‍ക്ക് നല്‍കുന്ന ഒരു തലമുറയിലാണ് ഞാന്‍ ജനിച്ചത്. കുട്ടികളായിരിക്കെ ഞങ്ങള്‍ പുക നിറഞ്ഞ റൂമുകളിലൂടെ ഓടിക്കളിക്കുന്നത് പതിവായിരുന്നു’. ജോര്‍ദാനിലെ കിംഗ് ഹുസൈന്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ മേധാവിയും ജോര്‍ദാന്‍ രാജകുമാരിയുമായ ദിനാമിറെദ് പറഞ്ഞു. ഇവിടെ വലിയ മാറ്റമൊന്നുമില്ല. ജോര്‍ദാന്‍ ജനസംഖ്യയുടെ 32 ശതമാനവും പുകവലിക്കാരാണ്. 2012 ല്‍ ജോര്‍ദാനില്‍ 313 പുകയില ഉത്പാദന കമ്പനികള്‍ പുതുതായി ആരംഭിച്ചു. സര്‍ക്കാര്‍ അവക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്. അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നല്‍ ജോര്‍ദാനിലെ പുകവലി സമ്പ്രദായം മാറ്റാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതായി സര്‍ക്കാര്‍ പരാതിപ്പെടുന്നു. അതേസമയം യു എ ഇ നടപ്പിലാക്കിയ പുകയില വിരുദ്ധ നടപടികള്‍ക്ക് വളരെ നല്ല ഫലം കാണാന്‍ കഴിഞ്ഞുവെന്ന് യു എ ഇ വ്യക്തമാക്കി. 2009 ല്‍ യു എ ഇ പുകവലി വിരുദ്ധ നിയമം കൊണ്ടുവന്നതിന് പുറമേ 2013 ല്‍ മുന്‍ നിയമത്തെ ബലപ്പെടുത്താനായി ഉപനിയമങ്ങള്‍ കൂടി കൊണ്ട് വരികയായിരുന്നു. യു എ ഇ യില്‍ ഞങ്ങള്‍ നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ ഞങ്ങള്‍ ഏര്‍പ്പെടുത്തിയ നിയമം സിഗരറ്റിന്റെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. പൊതുജനാരോഗ്യ മേധാവി ഫരീദ അല്‍ ഹുസൈനി വ്യക്തമാക്കി .