കെട്ടിടങ്ങളില്‍ നിന്ന് വീണുമരണം; ഉത്തരവാദി രക്ഷിതാക്കളെന്ന് പോലീസ്‌

Posted on: March 18, 2015 8:00 pm | Last updated: March 18, 2015 at 8:55 pm
SHARE

ഷാര്‍ജ: ഷാര്‍ജയിലെ കെട്ടിടങ്ങളില്‍ നിന്ന് 15 മാസത്തിനകം 20 കുട്ടികള്‍ വീണ് മരിച്ചെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഏഴു കുട്ടികള്‍ക്കു ജീവഹാനി സംഭവിച്ചു. രണ്ടു കുട്ടികള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഈ വര്‍ഷം മൂന്നാം മാസത്തിലേക്കു കടന്നപ്പോഴേക്കും മൂന്നു കുട്ടികളുടെ ജീവനാണു ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് വീണു പൊലിഞ്ഞത്.
രക്ഷിതാക്കളുടെ അശ്രദ്ധ, കെട്ടിടങ്ങളുടെ ബാല്‍ക്കണികളുടെയും നിര്‍മാണത്തിലെ അശാസ്ത്രീയത എന്നിവയാണ് കാരണങ്ങള്‍. കുട്ടികള്‍ കെട്ടിടങ്ങളില്‍ നിന്ന് വീണുണ്ടാകുന്ന അപകടങ്ങള്‍ സംബന്ധിച്ചു ഒരു പ്രാദേശിക പത്രം നടത്തിയ അഭിപ്രായ വോട്ടെടടുപ്പില്‍ ഭൂരിഭാഗം പേരും കുടുംബത്തെയാണു കുറ്റപ്പെടുത്തിയത്.നഗരസഭ, സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, കൂട്ടുത്തരവാദിത്തം എന്നിവയെല്ലാം അടയാളപ്പെടുത്താന്‍ കഴിയുമെങ്കിലും ഭൂരിഭാഗവും കുടുംബത്തിന്റെ അശ്രദ്ധയാണു അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതെന്നാണു സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. കെട്ടിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പാക്കാന്‍ പരിശോധന വേണം. പൊലീസ്, നഗരസഭ എന്നിവ സംയുക്തമായി ഇക്കാര്യങ്ങള്‍ ക്രമീകരിക്കുകയാണു വേണ്ടത്. പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ ബാല്‍ക്കണികളും ജനലുകളും സുരക്ഷിതമാക്കുന്നതു സംബന്ധിച്ചു ബോധവല്‍കരണം നിര്‍ബന്ധമാണെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു.