ഒരേ സ്‌പോണ്‍സറുടെ കീഴില്‍ മൂന്നു പതിറ്റാണ്ട്; ആദം മൗലവി നാട്ടിലേക്ക്‌

Posted on: March 18, 2015 8:54 pm | Last updated: March 18, 2015 at 8:54 pm
SHARE

IMG-20150317-WA0002ഷാര്‍ജ: 30 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി കണ്ണൂര്‍, മാട്ടൂല്‍ സൗത്ത് സ്വദേശി ആദം മൗലവി നാട്ടിലേക്ക് മടങ്ങുന്നു.
ഷാര്‍ജ കാറ്റര്‍ പില്ലറിന് സമീപം ഒരു കെട്ടിടത്തിലെ നാത്തൂറായ അദ്ദേഹം 1985ല്‍ മുംബൈയില്‍ നിന്നു വിമാന മാര്‍ഗമാണ് പ്രവാസ ഭൂമിയിലെത്തിയത്. ഒരേ സ്‌പോണ്‍സറുടെ വിസയിലാണ് ഇക്കാലമത്രയും ജോലി ചെയ്തത്. എത്തി ആറുമാസത്തിനു ശേഷമാണ് നിലവിലുള്ള സ്‌പോണ്‍സറുടെ വിസ സമ്പാദിച്ചത്. അതിനുശേഷം മറ്റൊരു സ്‌പോണ്‍സറെ 54 കാരനായ ആദം മൗലവിക്കു അന്വേഷിക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാന്‍ സാധിച്ചതിലുള്ള സന്തോഷത്തോടെയാണ് അദ്ദേഹം പോറ്റു നാടിനോട് വിട പറയുന്നത്.
തിരക്കുപിടിച്ച ജോലിക്കിടെ അദ്ദേഹം മത-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സുന്നീ സംഘചലനങ്ങളില്‍ അതീവ തത്പരനായിരുന്നു. ഒരു തികഞ്ഞ സംഘാടകന്റെ റോളിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. സുന്നീ സംഘടനകള്‍ക്കു ശക്തമായ അടിത്തറയുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ആദം മൗലവി, ഷാര്‍ജ സനാഇയ്യ ഐ സി എഫ് യൂണിറ്റ്, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ വൈസ് പ്രസിഡന്റാണ്. ഷാര്‍ജ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സ്ഥാപക നേതാക്കളിലൊരാളായിരുന്നു.
വലിയൊരു സുഹൃദ് വലയത്തിനു ഉടമയാണ്. സ്വദേശികളുമായി അടുത്ത ബന്ധമുണ്ട്. തന്റെ തമാശ നിറഞ്ഞ സംസാരവും മാന്യമായ പെരുമാറ്റവും സ്വദേശികളുമായി അടുത്ത ബന്ധം ഉണ്ടാക്കി.
നാട്ടിലും സജീവ സുന്നീ പ്രവര്‍ത്തകനായിരുന്നു. സംഘടനാ രംഗത്ത് നിറസാന്നിധ്യമായിരുന്ന ആദം മൗലവി തളിപ്പറമ്പ്, അല്‍ മഖര്‍, മാട്ടൂല്‍ മന്‍ശഅ്, കൊപ്പം മര്‍കസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇവയുടെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. ജലാലുദ്ദീന്‍ തങ്ങളും, സി കെ ഖാദര്‍ സാഹിബും പരേതനായ സി വി പിയും സഹപാഠികളായിരുന്നു. സജീവ സുന്നീ പ്രവര്‍ത്തനത്തിനിടെയാണ് സ്വപ്‌ന ഭൂമിയിലേക്ക് വിമാനം കയറിയത്. ഭാര്യയും നാല് മക്കളുമുണ്ട്. തികഞ്ഞ സംതൃപ്തിയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ആദം മൗലവി പറഞ്ഞു.
മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം തനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്നും വ്യക്തമാക്കിയ ആദം മൗലവി ശിഷ്ടകാലം കുടുംബത്തോടൊപ്പം ജീവിക്കാനും മത-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാനുമാണ് ആഗ്രഹിക്കുന്നതെന്ന് അറിയിച്ചു. വിവരങ്ങള്‍ക്ക്: 050-6979293.