വി ടി വിയുടെകവിതകള്‍ക്ക് വീണ്ടും അംഗീകാരം

Posted on: March 18, 2015 8:00 pm | Last updated: March 18, 2015 at 8:51 pm
SHARE

അബുദാബി: വി ടി വി ദാമോദരന്റെ പൊന്‍തൂവല്‍ എന്ന കവിത അബുദാബി പോലീസിന്റെ മുഖപത്രമായ 999 മാസികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ ഇടംപിടിച്ചു. അറബി ഭാഷയിലേക്ക് മൊഴിമാറ്റിയാണ് പ്രസിദ്ധീകരിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ കവിത 999 ല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ 999 പ്രത്യേക പതിപ്പില്‍ ദാമോദരന്റെ നന്മ എന്ന കവിതയുടെ അറബി മൊഴിമാറ്റം വെളിച്ച കണ്ടിരുന്നു.
അബുദാബി പോലീസ് ആസ്ഥാനത്തെ 999 മാസികയുടെ കാര്യാലയത്തില്‍ വെച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ലഫ്. കേണല്‍ അവാദ് സാലിഹ് അല്‍ കിന്ദി, ഖാലിദ് അല്‍ ധന്‍ഹാനി എന്നിവര്‍ ചേര്‍ന്ന് കവിത പ്രസിദ്ധീകരിച്ച മാസികയുടെ കോപ്പി വി ടി വി ദാമോദരന് സമ്മാനിച്ചു. ഇരു സമൂഹങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന് ദാമോദരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇരുവരും പ്രശംസിച്ചു. തന്റെ കവിതകള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശിയും അബുദാബിയിലെ സര്‍ക്കാര്‍ വകുപ്പില്‍ ഉദ്യോഗസ്ഥനുമായ അബ്ദുറഹ്മാന്‍ പൊറ്റമ്മല്‍, ഫോട്ടോ ജേര്‍ണലിസ്റ്റ് പൊന്ന്യത് മുഹമ്മദലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഹമദലി എന്നിവരുടെ പ്രോത്സാഹനമാണ് തന്റെ കവിതകള്‍ക്ക് ഇങ്ങനെയൊരു മാനം ലഭിക്കാന്‍ കാരണമെന്ന് ദാമോദരന്‍ പറഞ്ഞു.