ട്രോളി എത്തി

Posted on: March 18, 2015 6:35 pm | Last updated: March 18, 2015 at 6:35 pm
SHARE

Satelliteദുബൈ: ബുര്‍ജ് ഖലീഫക്ക് ചുറ്റുമുള്ള ഡൗണ്‍ടൗണിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് സഞ്ചരിക്കാനായി ദുബൈ ട്രോളി എത്തി. താമസിയാതെ തന്നെ ട്രോളി ഓട്ടംതുടങ്ങും.
ഹൈഡ്രജന്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ട്രോളിയാണിത്. ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് എന്ന സംവിധാനത്തിലുള്ള മേഖലയിലെ ആദ്യ വാഹനവും ഇതുതന്നെ. ട്രോളിയുടെ പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്. ബുര്‍ജ് ഖലീഫയുടെ ഉടമകളായ ഇമ്മാര്‍ പ്രോപ്പര്‍ട്ടീസാണ് ട്രോളിയും എത്തിച്ചിരിക്കുന്നത്. ഡൗണ്‍ ടൗണിലൂടെ ദുബൈ മാള്‍, ദുബൈ ഫൗണ്ടന്‍, സൂഖ് അല്‍ ബഹര്‍, മുഹമ്മദ് ബിന്‍ റാഷിദ് ബോളിവാഡ് എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശകര്‍ക്ക് ട്രോളി ഉപകരിക്കും.
74 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഡബിള്‍ ഡക്കര്‍ വാഹനമാണ് ട്രോളി. കടുംചുവപ്പും സ്വര്‍ണവര്‍ണവുമുള്ള ചായത്തില്‍ മുങ്ങിയ ട്രോളിയും നഗരക്കാഴ്ച കാണാന്‍ എത്തുന്നവര്‍ക്ക് പ്രിയപ്പെട്ടതാവും എന്നാണ് അനുമാനം. താഴെ ശീതീകരിച്ചതും മുകള്‍തട്ട് തുറന്നതുമായാണ് ട്രോളി സംവിധാനം ചെയ്തിരിക്കുന്നത്. ഹൈഡ്രജനും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന ട്രോളിയില്‍ നിന്ന് കാര്‍ബണ്‍ പുറന്തള്ളുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.