ശൈഖ് ഹംദാന്‍ ഫോട്ടോഗ്രഫി അവാര്‍ഡ് മുംബൈ സ്വദേശിക്ക്

Posted on: March 18, 2015 6:33 pm | Last updated: March 18, 2015 at 6:33 pm
SHARE

mumbai personദുബൈ: ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഇന്റര്‍നാഷനല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് (ഹിപ) മുംബൈ സ്വദേശിക്ക്. ഹോളി ആഘോഷത്തിന്റെ ഭാഗമായി പകര്‍ത്തിയ ചിത്രത്തിലൂടെയാണ് അനുരാഗ് കുമാര്‍(29) അവാര്‍ഡിന് അര്‍ഹനായത്. 1.2 ലക്ഷം ഡോളറാ(3.37 ലക്ഷം ദിര്‍ഹം)ണ് വിഖ്യാതമായ ശൈഖ് ഹംദാന്‍ അവാര്‍ഡായി നല്‍കുന്നത്.
സമ്മാനം ലഭിച്ചത് ഇനിയും വിശ്വസിക്കാനായിട്ടില്ലെന്ന് അനുരാഗ് പ്രതികരിച്ചു. ഹോളി ആഘോഷത്തിന്റെ ഭാഗമായ നിറങ്ങള്‍ക്കിടയിലൂടെ ശ്രമപ്പെട്ട് സഞ്ചരിച്ചാണ് അനുരാഗ് അവാര്‍ഡിന് അര്‍ഹമായ ചിത്രം പകര്‍ത്തിയത്. ഉത്തര്‍പ്രദേശിലെ നന്ദഗോണില്‍ നടന്ന ഹോളി ആഘോഷമാണ് ക്യാമറയില്‍ പകര്‍ത്തിയത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചത്.
മൂന്നാം സ്ഥാനത്തിന് അര്‍ഹനായത് തുര്‍ക്കി സ്വദേശിയായ സെക്കി യാവുസാക്ക് ആണ്. ക്യാപ്‌സിക്കം ഉണക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ഇദ്ദേഹം പകര്‍ത്തിയത്. ഈ വര്‍ഷം അവാര്‍ഡിനായി 166 രാജ്യങ്ങളില്‍ നിന്നായി 30,000 എന്‍ട്രികളായിരുന്നു എത്തിയത്. വിധി നിര്‍ണയ കമ്മിറ്റി 60,000ല്‍ പരം ചിത്രങ്ങളാണ് പരിശോധിച്ചത്.