Connect with us

Gulf

പിങ്ക് കാരവന്‍ പ്രയാണം തുടരുന്നു

Published

|

Last Updated

ഷാര്‍ജ: സ്തനാര്‍ബുദ നിര്‍മാര്‍ജന യജ്ഞമായ പിങ്ക് കാരവന്‍ പ്രയാണം തുടരുന്നു. പിങ്ക് കാരവാന്റെ അവസാന പാദം 25ന് ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ നിന്ന് ഗലേറിയ മാളിലേക്കായിരിക്കും. കഴിഞ്ഞ ദിവസം ഷാര്‍ജ ഇക്വസ്ട്രിയന്‍ ക്ലബ്ബില്‍ നിന്ന് ദൈദ് വരെയായിരുന്നു ഘോഷയാത്ര. ഇന്ന് ഫുജൈറ സിറ്റി സെന്റര്‍ മുതല്‍ ഖോര്‍ഫുക്കാന്‍ ഓഷ്യാനിക് ഹോട്ടല്‍ വരെ ആയിരിക്കും. ഇതിന്റെ വിജയത്തിന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 17 അറേബ്യന്‍ കുതിരകളെ സമ്മാനിച്ചു. അല്‍ ഖാസിമി സ്‌റ്റേബിള്‍സില്‍ നിന്നുള്ള കുതിരകളെയാണു വാര്‍ഷിക പിങ്ക് കാരവന്‍ റൈഡ് 2015 പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നല്‍കിയത്. ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് സംഘടനയാണ് സ്തനാര്‍ബുദ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് പ്രധാന ലക്ഷ്യം. ഫ്രണ്ട്‌സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്‌സ് സൊസൈറ്റിയുടെ സ്ഥാപകയും റോയല്‍ പാട്രണുമായ ശൈഖാ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലും സഹകരണത്തോടെയുമാണ് പരിപാടി. ലോക ക്യാന്‍സര്‍ ഡിക്ലറേഷന്‍ ഫോര്‍ യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ക്യാന്‍സര്‍ കണ്‍ട്രോളിന്റെയും ചൈല്‍ഡ് ക്യാന്‍സര്‍ ഫോര്‍ യു ഐ സി സിയുടെയും അംബാസഡറുമാണ്് ശൈഖ ജവഹര്‍.
യു എ ഇ മന്ത്രിമാരായ ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പത്‌നിയും യു എ ഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ ചെയര്‍പഴ്‌സനും ദുബൈ വിമന്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രസിഡന്റും പിങ്ക് കാരവന്‍ അംബാസഡറുമായ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരെ ആദരിച്ചു. വരുംദിവസങ്ങളില്‍ ഷാര്‍ജയുടെ വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ അരങ്ങേറും.