‘പറക്കും കാര്‍’ 2017ല്‍ വിപണിയിലെത്തും

Posted on: March 18, 2015 2:51 pm | Last updated: March 19, 2015 at 12:37 am
SHARE

aeromobile-flying carടെക്‌സാസ്: കാലത്തിന്റെ വേഗതയ്ക്കനുസരിച്ച് പറക്കാന്‍ കഴിയുന്ന കാറുകള്‍ ഇനി സ്വപ്‌നം മാത്രമല്ല. പറക്കും കാറുകള്‍ 2017ഓടെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സ്ലോവാക്യന്‍ വാഹനനിര്‍മ്മാതാക്കളായ എയറോമൊബൈല്‍. കാറിന്റേയും വിമാനത്തിന്റേയും പ്രയോജനം ഉള്ളതായിരിക്കും പുതിയ വാഹനം. വാഹനങ്ങളുടെ ചരിത്രത്തിലെ നാഴികകല്ലായി മാറുന്ന ഈ വാഹനം ആഗോള ഗതാഗത സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.
റോഡിലൂടെ മണിക്കൂറില്‍ 160 കി.മീ വേഗത്തില്‍ ഇതിന് സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന് വായുവിലൂടെ മണിക്കൂറില്‍ 200 കി.മീ വേഗത്തില്‍ പറക്കാന്‍ കഴിയും. 690 കിലോമീറ്റര്‍ ഉയരത്തില്‍വരെ പറക്കാന്‍ ഇതിന് കഴിയും. രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള വാഹനത്തിന്റെ മാതൃകയാണ് ഇപ്പോള്‍ തയ്യാറാക്കിയത്. ഇത് നിര്‍മ്മിക്കുന്നതിന് പത്ത് മാസം വേണ്ടിവന്നു. രണ്ട് ചിറകുകളുള്ള വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ചിറകുകള്‍ മടക്കിവച്ച് കാര്‍ പോലെയാക്കാനും എളുപ്പമാണ്. 20 അടിയോളം നീളമുണ്ട് വാഹനത്തിന്. ഇതിന് എത്ര ചിലവായി എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

amfoto-FLYING CAR
പറക്കും കാര്‍ 2017ഓടെ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയറോമൊബൈല്‍ സിഇഒ ജുരജ് വാക്യുലിക് പറഞ്ഞു. ഈ വാഹനങ്ങള്‍ പറന്നുയരാന്‍ എയര്‍പോര്‍ട്ടുകള്‍ ആവശ്യമില്ലെന്ന് മാത്രമല്ല യാത്ര വേഗത്തിലാക്കാന്‍ ഇത് സഹാകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനം വേഗത്തില്‍ വിപണിയിലെത്തിക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോള്‍ കമ്പനി. വിപണിയില്‍ എത്തുമ്പോള്‍ എത്ര വിലവരുമെന്ന് കമ്പനി പിന്നീടായിരിക്കും അറിയിക്കുക.