ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍

Posted on: March 18, 2015 2:41 pm | Last updated: March 19, 2015 at 12:37 am
SHARE

SA VS SLസിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമിയിലെത്തുന്ന ആദ്യ ടീമായി.
ഒന്‍പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ശ്രീലങ്കയുടെ 133 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഇംറാന്‍ താഹിറാണ് കളിയിലെ താരം.
ചെറിയ സ്‌കോര്‍ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ആധികാരികമായിരുന്നു. 23 പന്തില്‍ 16 റണ്‍സെടുത്ത അംലയാണ് പുറത്തായത്. ക്വിന്റന്‍ ഡി കോക്ക് 57 പന്തില്‍ 78ഉം ഡുപ്ലെസിസ് 31 പന്തില്‍ 21 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 37.2 ഓവറില്‍ 133 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 96 പന്തില്‍ 45 റണ്‍സെടുത്ത സംഗക്കാരയാണ് ടോപ്‌സ്‌കോറര്‍. നാല് റണ്ണെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ പിന്നീട് സംഗക്കാരയും തിരിമന്നെയും ചേര്‍ന്നാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. റണ്ണെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ വിക്കറ്റ് കളയാതിരിക്കാനാണ് ഇരുവരും ശ്രമിച്ചത്. സംഗക്കാര 45ഉം തിരിമന്നെ 41 ഉം റണ്ണെടുത്ത് പുറത്തായതോടെ ശ്രീലങ്കയ്ക്ക് ചെറുത്ത് നില്‍പ്പ് നടത്താനായില്ല. ദക്ഷിണാഫ്രിക്കയുടെ ഡുമിനി ഹാട്രിക് നേടി. ആദ്യമായാണ് ലോകകപ്പില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരം ഹാട്രിക് നേടുന്നത്. മാത്യൂസ്, കുലശേഖര, കൗശല്‍ എന്നിവരെ പുറത്താക്കിയാണ് ഡുമിനി ഹാട്രിക് നേടിയത്.