Connect with us

Palakkad

ഇലക്ഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ നിര്‍ദേശം

Published

|

Last Updated

പാലക്കാട്: തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിന് പൊതുജനങ്ങള്‍ വോട്ടേഴ്‌സ് ഐഡി കാര്‍ഡില്‍ അവരവരുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ലിങ്ക് ചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം. നാഷണല്‍ ഇക്‌ട്രോറല്‍ റോള്‍ പ്യൂരിഫിക്കേഷന്‍ ആന്റ് ഒതന്റിഫിക്കേഷന്‍ പ്രോഗ്രാം( എന്‍ ഇ ആര്‍ പി എ പി) പ്രകാരം തിരിച്ചറിയില്‍ കാര്‍ഡിന് ശുദ്ധത വരുത്തുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്. മാര്‍ച്ച് 31 നകം ലിങ്കുചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ പ്രാഥമിക നിര്‍ദ്ദേശം. ഇതു ചെയ്യുമ്പോള്‍ കാര്‍ഡില്‍ പുതിയ ഫോട്ടോ ചേര്‍ക്കുവാനും നിലവിലുളള തെറ്റു തിരുത്തുവാനും സാധിക്കും. ആധാര്‍ ലിങ്ക് ചെയ്ത വ്യക്തിക്ക് ഇലക്ഷന്‍ കമ്മിഷന്‍ പുതിയ പ്ലാസ്റ്റിക് ഐഡികാര്‍ഡ് നല്‍കും. ജനങ്ങള്‍ക്ക് ഇതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം. സ്വന്തമായി വീട്ടില്‍ ഇന്റര്‍ നെറ്റ് കണക്ഷന്‍ ഉളളവര്‍ക്ക് വീട്ടിലിരുന്ന് ലിങ്ക് ചെയ്യാന്‍ സാധിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. കളക്‌ട്രേറ്റില്‍ ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍ എം മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തഹസില്‍ദാരുമാരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ സൗകര്യാര്‍ത്ഥം പ്രാദേശിക തലത്തിലുളള നേതാക്കളെ ഉള്‍പ്പെടുത്തി തഹസില്‍ദാര്‍മാരുടെ യോഗം നടത്താനും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഈ സംരംഭം വിജയിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ – സാംസ്‌ക്കാരിക-സാമൂഹിക സംഘടനകളുടെ സഹകരണം ഇലക്ഷന്‍ ഡെപ്യട്ടി കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കളായ പി. നന്ദബാലന്‍ (ഐ എന്‍ സി) സുഭാഷ്ചന്ദ്രബോസ് (സി പി ഐ എം), ടി സിദ്ധാര്‍ത്ഥന്‍ (സി സി ഐ) കണ്ണാടി ചന്ദ്രന്‍ (ആര്‍ എസ് പി) രവി പളളത്തേരി (ബി എസ് പി)സദ്ദാം ഹുസൈന്‍ (എസ് ഡി പി ഐ) ജില്ലയിലെ തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ഉദോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest