Connect with us

Wayanad

നവജാത ശിശുക്കളുടെ തീവ്രപരിചരണ യൂനിറ്റ് അടഞ്ഞുകിടക്കുന്നു

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: താലൂക്ക് ആസ്പത്രിക്ക് അനുവദിച്ച ഐ.സി.യു. സംവിധാനമുള്ള അത്യാധുനിക ആംബുലന്‍സ് ഉപയോഗശൂന്യമായി കിടക്കുന്നു. നവജാതശിശുക്കുളുടെ തീവ്രപരിചരണ യൂണിറ്റ് അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ആറ് മാസമായി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ആസ്പത്രിയിലെ പല സജീകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനാകാതെ കിടക്കുന്നത്.
അപര്യാപ്തതകള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന ബത്തേരി താലൂക്ക് ആസ്പത്രിക്ക് ഫിബ്രവരി ആദ്യവാരമാണ് ആംബുലന്‍സ് ലഭിച്ചത്. കെംപ്(കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രൊജക്ട്) ആണ് ആംബുലന്‍സ് അനുവദിച്ചത്. വാഹനത്തിന്റെ വില കൂടാതെ 40 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മാത്രം ഈ ആംബുലന്‍സിലുണ്ട്. കുരങ്ങുപനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്ന ഈ സമയത്ത് രോഗികളെ മറ്റ് പല ആസ്പത്രികളിലേക്ക് മാറ്റേണ്ടതുണ്ട്. ഈ അവസരത്തിലാണ് ഇത്രയും സജീകരണങ്ങളുള്ള ആംബുലന്‍സ് വെറുതെ കിടക്കുന്നത്.
നിലവില്‍ രണ്ട് സാധാരണ ആംബുലന്‍സ് മാത്രമാണ് താലൂക്ക് ആസ്പത്രയിലുള്ളത്. ആംബുലന്‍സില്‍ ചില ക്രമീകരണങ്ങള്‍ നടത്തുന്നതിന് 8300 രൂപ ആവശ്യമുണ്ട് എന്നാല്‍ അത് ഇതുവരെ പാസായിട്ടില്ല. കൂടാതെ രണ്ട് നഴ്‌സുമാരും ഡ്രൈവരും ആവശ്യമാണ്. ഇതൊന്നുമില്ലാത്തതിനാലാണ് ആംബുലന്‍സ് ഉപയോഗിക്കാനാവാതെ കിടക്കുന്നത്.
നവജാത ശിശുക്കളുടെ തീവ്രപരിചരണ യൂണിറ്റില്‍ ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് ഉപയോഗിക്കാതെ കിടന്ന് നാശമാകുന്നത്. ഒരേ സമയം നാല് കുട്ടികള്‍ക്ക് പരിചരണം നല്‍കാനുള്ള സംവിധാനം ഇവിടെയുണ്ട്. ഫിബ്രവരിയില്‍ 113 പ്രസവം ആശുപത്രിയില്‍ നടന്നു. ലക്ഷങ്ങള്‍ മുടക്കുള്ള ഹോര്‍മോണ്‍ പരിശോധന നടത്തുന്ന ഉപകരണവും പ്രവര്‍ത്തിപ്പിക്കാനാളില്ലാതെ കിടക്കുകയാണ്.
കിടക്കകള്‍ 127 എണ്ണമാണുള്ളത്. പല കിടക്കകളിലും രണ്ട് രോഗികളുണ്ട്. എന്നാല്‍ 57 കിടപ്പുരോഗികള്‍കള്‍ക്ക് ചികിത്സ നല്‍കുന്നതിനാവശ്യമായ ഡോക്ടര്‍മാരും നഴ്‌സുമാരും മാത്രമെ ഇവിടെയുള്ളു. 15 ഡോക്ടര്‍മാരും, 42 നഴ്‌സുമാരുമാണുള്ളത്. ഒരു ദിവസം 700ാളം രോഗികള്‍ ഇവിടെ വരുന്നുണ്ട്. ബത്തേരിയുടെ വിവിധ ഭഗങ്ങളില്‍ നിന്നും തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും രോഗികള്‍ ഇവിടേക്കാണ് വരുന്നത്. എന്നാല്‍ ഇത്രയും രോഗികളെ പരിചരിക്കാനും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുമാവശ്യമായ ജീവനക്കാരില്ല.

Latest