രാത്രിയാത്രാ നിരോധം: ഊട്ടി കലക്ടറേറ്റ് ഉപരോധം 25ന്

Posted on: March 18, 2015 9:56 am | Last updated: March 18, 2015 at 9:56 am
SHARE

ഗൂഡല്ലൂര്‍: ദേശീയ പാത 67ലെയും, 212ലെയും രാത്രിയാത്രാ നിരോധം പിന്‍വലിപ്പിക്കാന്‍ കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഊട്ടിയില്‍ നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍, നീലഗിരി-വയനാട് എന്‍ എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടത്തിയത്. ഈ ആവശ്യമുന്നയിച്ച് മാര്‍ച്ച് 25ന് ഊട്ടി കലക്ടറേറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നീലഗിരിയിലെ വിവിധ ഭാഗങ്ങളിലെ 32 സംഘടനകളുടെ പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കര്‍ണാടകയില്‍ രൂപവത്കരിച്ച കര്‍ണാടക-തമിഴ്‌നാട്-കേരള നൈറ്റ് ട്രാവലിങ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുമായി യോജിച്ച് പ്രവര്‍ത്തിക്കും.
നീലഗിരി, മൈസൂര്‍, വയനാട് ജില്ലകള്‍ തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബന്ധമാണ് രാത്രിയാത്രാനിരോധനവുമായി ബന്ധപ്പെട്ട് ഇല്ലാതായിരിക്കുന്നത്.
നീലഗിരിയിലെ വിനോദ സഞ്ചാര മേഖലയെ രാത്രിയാത്രാ നിരോധം കാര്യമായി ബാധിച്ചിട്ടുണ്ട്. രാത്രിയാത്രാനിരോധ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധ നിലപാട് അന്തര്‍സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നതാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേഭം ഉയര്‍ന്നിട്ടുണ്ട്. വയനാട്, നീലഗിരി, മൈസൂര്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ആദ്യഘട്ടമായി ഊട്ടിയിലെ മുഴുവന്‍ വ്യാപാരികളെയും, തൊഴിലാളികളെയും, വാണിജ്യസംഘടനകളെയും. രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടിപ്പിച്ച് കൊണ്ട് ഊട്ടിയില്‍ കലക്‌ടേറ്റ് ഉപരോധിക്കും. രണ്ടാംഘട്ടം കര്‍ണാടകയുടെ ബസുകള്‍ ഊട്ടിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിക്കും. നൈറ്റ് ട്രാവലിങ് പ്രൊട്ടക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. കെ വിജയ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ഊട്ടി ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം മുസ്തഫ, നീലഗിരി-വയനാട് എന്‍ എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, എം സൗന്ധര്‍പാണ്ഡ്യന്‍, രവികുമാര്‍, മത്തായി, ഫാ. ടോണി, മണിമേഖല, ഗോപാല്‍, ചെറിയാന്‍, നാഗേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.