ജില്ലയില്‍ പദ്ധതികള്‍ക്ക് ശനിദശ

Posted on: March 18, 2015 9:48 am | Last updated: March 18, 2015 at 9:48 am
SHARE

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ജല സമ്പത്തായ ജലസ്രോതസുകളുടെ സംരക്ഷണത്തിനായി സംസ്ഥാന ജല വിഭവ വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിലും ജില്ലയില്‍ അത്തരത്തിലുളള പദ്ധതികള്‍ക്ക് ഇപ്പോഴും ശനി ദിശ തന്നെ.

കുളങ്ങള്‍, ചിറകള്‍ എന്നിവയുടെ സംരക്ഷണത്തിനായി ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി. അതിന് പുറമെ സംസ്ഥാനസര്‍ക്കാറിന്റെ വാര്‍ഷിക ബജറ്റ് വിഹിതം ഉപയോഗിച്ച് നിലവിലുളള ജല സ്രോതസുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുക, സംരക്ഷണത്തിനായുളള പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുക, കൂടാതെ കായലുകള്‍ ,കനാലുകള്‍ തുടങ്ങിയവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രത്യേക പഠനം നടത്തി മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും പ്ലാനില്‍ വിഭാവനം ചെയ്തിട്ടുളള സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുക എന്നീ ബൃഹത് പദ്ധതികളുമായി സര്‍ക്കാറിന്റെ ജല വിഭവ വകുപ്പ് മുന്നോട്ട് പോവുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ജില്ലയില്‍ ഇത്തരം പദ്ധതികള്‍ പേരിന് മാത്രം.
ഇതിനെല്ലാം പുറമെ റിപ്പയര്‍ റിനോവേഷന്‍ ആന്റ് റീസ്റ്റോറേഷന്‍ ഓഫ് വാട്ടര്‍ ബോഡീസ് എന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ സംസ്ഥാനത്തെ ജല സ്രോതസുകളുടെ സംരക്ഷണത്തിനായുളള പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്താനുളള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരത്തിന്നായി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ പതിമൂന്നാം ധനകാര്യ കമ്മീഷന്‍ വിഹിതം ഉപയോഗിച്ചും ഇത്തരത്തിലുളള പദ്ധതികള്‍ ഏറ്റെടുത്ത് നടത്താനുളള തീരുമാനവും നിലവിലുണ്ട്. ചുരുക്കിപറഞ്ഞാല്‍ പദ്ധതികളും പദ്ധതിക്കാവശ്യമായ ഫണ്ടുകളും എണ്ണത്തിലേറെയുണ്ട്. അതേസമയം ജലനിധി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല സമ്പാദ്യ പദ്ധതിയിലൂടെ ജലവിനിയോഗത്തില്‍ പാലിക്കേണ്ട മിതത്വം, മഴ വെളള സംഭരണം, ഭൂജല പരിപോഷണ മാര്‍ഗങ്ങള്‍ ,കിണര്‍ പരിപാലന മാര്‍ഗങ്ങള്‍, ജല ഗുണനിലവാരത്തില്‍ ശ്രദ്ധിക്കേണ്ട മാര്‍ഗങ്ങള്‍, എന്നിവ സംബന്ധിച്ച് സന്ദേശങ്ങള്‍ സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലൂടെയാണ് ജലസമ്പാദ്യ പദ്ധതി നടപ്പിലാക്കി വരുന്നു. കൂടാതെ ജല സംരക്ഷത്തിനായി കിണര്‍ റീ ചാര്‍ജ് പദ്ധതി, മേല്‍കൂര വെളള സംരക്ഷണം, ചെറുകിട തടയണകള്‍, നീര്‍കുഴികള്‍, നീര്‍ചാലുകള്‍ എന്നിവ ഭൂമിയുടെ കിടപ്പനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.
എന്നാല്‍ ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ജില്ലയില്‍ ഇന്ന് അന്യമാണ്. എന്നാല്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സഹായവും ജല സ്രോതസുകളുടെ സംരക്ഷത്തിന്നായി നല്‍കുന്നുണ്ട്. കുളങ്ങള്‍ മുതല്‍ കനാല്‍, പുഴകളുടെ സംരക്ഷണത്തിന്ന് വരെ കോര്‍പറേഷന്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. ഇത്തരത്തിലുളള ഫണ്ട് സ്രോതസുകള്‍ കണ്ടെത്താനോ അവക്കാശ്യമായ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി പി ആര്‍) സമയ ബന്ധിതമായി നല്‍കാനോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കാറില്ല. എന്നാല്‍ ഭൂജല വിഭാഗത്തിന്റെ കീഴില്‍ ഭൂജലത്തിന്റെ ഉപയോഗം ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭൂജല ശേഷി വര്‍ധിപ്പിക്കാനുതകുന്ന കൃത്രിമ ഭൂജല സംപോഷണം എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. തടയണകള്‍, അടിയണകള്‍, മഴ കുഴികള്‍, തുറന്ന കിണര്‍ വഴിയുളള റീ ചാര്‍ജിംഗ് എന്നിവ നടപ്പിലാക്കി വരുന്നുണ്ടെന്ന് വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ജില്ലയില്‍ ഭൂജല വകുപ്പിന്റെ പൊതു ജനങ്ങള്‍ക്കുളള ഉപകാരങ്ങള്‍ പോലും ജനങ്ങള്‍ക്കറിയാതെ പോവുന്നുവെന്നതാണ് സത്യം.
കൂടാതെ വ്യക്തിഗത കുടുംബങ്ങള്‍ക്ക് 10000 ലിറ്റര്‍ ശേഷിയുളള മഴ വെളള സംഭരണികള്‍ നിര്‍മിച്ച് നല്‍കാനും ജലവിഭവ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിട്ടിരുന്നു. എണ്ണത്തിലേറെ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ജില്ലയില്‍ അധികൃതരുടെ അനാസ്ഥ കാരണമായി ഇത്തരം പദ്ധതികളൊന്നും ലക്ഷ്യത്തിലെത്താറില്ല.